ന്യുയോർക്ക്: സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോൺ മസ്ക് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് എയർ ഹോസ്റ്റസ് രംഗത്ത്.
2016-ൽ സ്പേസ് എക്സിന്റെ ഒരു വിമാനത്തിൽ വച്ചാണ് സംഭവം നടന്നത്. വിഷയത്തിൽ മൗനം പാലിക്കാനായി സ്‌പേസ് എക്‌സ് 2,50,000 ഡോളർ (രണ്ട് കോടിയോളും ഇന്ത്യൻ രൂപ) നൽകിയതായായും റിപ്പോർട്ട് വെളിപ്പെടുത്തി. ബിസിനസ് ഇൻസൈഡർ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്. എയർഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ ഒരു സുഹൃത്ത് വഴിയാണ് പുറത്തുവന്നത്.
സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിന്റെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ഒരു ദിവസം യാത്രക്കിടെ യുവതിയെ മസ്ക് വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിച്ചു വരുത്തി ഫുൾ ബോഡി മസാജ് ആവശ്യപ്പെടുകയായിരുന്നു. മസാജ് ചെയ്യാനായി താൻ എത്തിയപ്പോൾ ചെറിയൊരു ഷീറ്റ് താഴെ ഭാഗത്ത് ഉണ്ടായിരുന്നതൊഴിച്ച് മസ്‌ക് പൂർണ്ണ നഗ്നനായിരുന്നു. മസാജിനിടെ മസ്‌ക് തന്റെ സ്വകാര്യഭാഗം തുറുന്നുകാട്ടി, അനുവാദമില്ലാതെ തന്റെ കാലുകളിൽ തഴുകി, ലൈംഗിക ബന്ധത്തിന് വഴങ്ങുകയാണെങ്കിൽ കുതിരയെ വാങ്ങി തരാമെന്ന് വാഗ്ദ്ധാനം ചെയ്തു’ എയർഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മസ്‌കിന്റെ ഗൾഫ്‌സ്ട്രീം ജി650ഇആർ വിമാനത്തിന്റെ സ്വകാര്യ മുറിയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം. മസ്കിന് മസാജ് ചെയ്യാൻ വേണ്ടി മസാജ് ചെയ്യാനുള്ള ലൈസൻസ് എടുക്കാൻ തന്നെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം ഈ ആരോപണങ്ങളെ നിക്ഷേധിച്ച് മസ്ക് തന്നെ രംഗത്ത് വന്നിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തെ രാഷ്ട്രീയമായ കണ്ണാടിയിലൂടെ വേണം കാണാനെന്ന് പറഞ്ഞ മസ്‌ക് ആരോപണമുന്നയിച്ച യുവതിയെ വെല്ലുവിളിക്കുകയും ചെയ്തു. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ അതിനെ ‘ഇലോൺഗേറ്റ്’ എന്ന് വിളിക്കണമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.
‘എന്നെ നഗ്നനായി കണ്ടുവെന്ന് അവകാശപ്പെടുന്നത് നുണയാണ്. അവരെ ഞാൻ വെല്ലുവിളിക്കുന്നു. എന്റെ ശരീരത്തിൽ നിങ്ങൾ കണ്ടുവെന്ന് പറയുന്ന ഭാഗത്തിലെ പാടുകൾ, ടാറ്റൂകൾ, മറുക് എന്നിവ വിവരിക്കുക. പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് അത്. അവൾക്ക് കഴിയില്ല. കാരണം, അത് ഒരിക്കലും സംഭവിച്ചിട്ടില്ല’ മസ്‌ക് വ്യക്തമാക്കി. ഈ കഥയിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്ത് വരാനുണ്ടെന്നും 30 വർഷത്തെ തന്റെ കരിയറിൽ ഇതാദ്യമായിരിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.