ടോക്യോ: പുതിയ ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കമിട്ട് ക്വാഡ് രാഷ്ട്രങ്ങൾ. ജപ്പാനിൽ നടക്കുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) ഉച്ചകോടിയിലാണ് ഇന്ത്യ,യുഎസ്,ജപ്പാൻ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ക്വാഡ് ഫെലോഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
യുഎസിലെ പ്രധാനപ്പെട്ട സയൻസ്,ടെക്‌നോളജി, എഞ്ചിനീയറിങ് സർവകലാശാലകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഗവേഷണങ്ങൾക്കും വേണ്ടി അംഗ രാജ്യങ്ങളിൽ നിന്ന് എല്ലാവർഷവും 25 വിദ്യാർത്ഥികളെ സ്‌പോൺസർ ചെയ്യുന്നതാണ് ഫെലോഷിപ്പ് പദ്ധതി.
വരും തലമുറയ്ക്ക് ശാസ്ത്ര, സാങ്കേതിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
പദ്ധതി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഒരുക്കി നൽകുമെന്നും അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഈ പദ്ധതിയിലൂടെ അംഗ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാഡ് ഫെലോഷിപ്പിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾ അപേക്ഷിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ക്വാഡ് രാജ്യങ്ങളിലെ നൂറു വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഈ പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും.