ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് ലോകം വീട്ടിലിരിക്കുമ്പോൾ ലോകത്ത് ബേബി ബൂം സംഭവിക്കുമെന്ന പ്രവചനം ഏറെ ശക്തമായിരുന്നു.
എന്നാൽ അമേരിക്കയിൽ ഈ പ്രവചനമൊന്നും കാര്യമായി ഏശിയിരുന്നില്ല. 2020 ൽ കൊവിഡ് ബാധിച്ചപ്പോൾ രാജ്യത്ത് ജനന നിരക്ക് കുത്തനെ ഇടിയുകയാണ് ഉണ്ടായത്. വാക്സിൻ പോലും ലഭ്യമല്ലാത്ത വൈറസ് വ്യാപിക്കുന്ന അവസ്ഥയിൽ ഒരു കുഞ്ഞിന് ജന്മം നൽകണമോ എന്ന സ്ത്രീകളുടെ ആശങ്കയാണ് ജനനനിരക്ക് കുറയ്ക്കാൻ കാരണമായത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ അമേരിക്കയിൽ ജനനനിരക്ക് ഒരു ശതമാനം വർദ്ധിച്ചു എന്നാണ്. 2014 ന് ശേഷം കൂടുതൽ ജനനനിരക്ക് ഉണ്ടായ വർഷമാണ് ഇത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫെഡറൽ സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടത്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ ഭാഗമായ നാഷണൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം പുറത്തുവിട്ട ഡാറ്റ പ്രകാരം, 2021ൽ 3,659,289 ജനനങ്ങളാണ് അമേരിക്കയിൽ ഉണ്ടായത്. 2020ൽ നിന്നും 46,000 കുഞ്ഞുങ്ങളാണ് അധികമായി ജനിച്ചത്. ശതമാന കണക്കിൽ ഇത് ഒരു ശതമാനത്തോളം വരും. പകർച്ചവ്യാധി സമയത്ത് മാതാപിതാക്കൾ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ ജനന നിരക്കിലെ വർദ്ധനയെന്നാണ് വെല്ലസ്ലി കോളേജിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ഫിലിപ്പ് ലെവിൻ സമീപകാല ഫെർട്ടിലിറ്റി ട്രെൻഡുകൾ പഠിച്ച ശേഷം അഭിപ്രായപ്പെട്ടത്. എന്നാൽ 2020ലെ വേനൽക്കാലത്ത്, തൊഴിലില്ലായ്മ നിരക്ക് കുറയുകയും സർക്കാർ ആനുകൂല്യങ്ങൾ കുടുംബങ്ങളിലെത്തുകയും ചെയ്തതോടെ കുഞ്ഞുവേണമെന്ന തോന്നൽ കുടുംബങ്ങളിൽ ഉണ്ടായി. എന്നാൽ കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഒരു കുഞ്ഞ് ജനിക്കുന്നതിന് സ്ത്രീകളെല്ലാവരും ഒരു മനസോടെയല്ല കണ്ടത്. ജനനനിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലേക്ക് താഴ്ന്നു.
മഞ്ഞ്‌വീഴ്ച, തൊഴിൽ നഷ്ടം, കാലാവസ്ഥ വ്യതിയാനം എന്നിവയോടെല്ലാം അമേരിക്കൻ ജനനനിരക്കിനെ ചേർത്ത് വച്ച് പഠനങ്ങൾ വരാറുണ്ട്.
അതേസമയം 2021 ന്റെ തുടക്കത്തിൽ കൊവിഡ് വാക്സിനുകൾ കണ്ടെത്തി രോഗത്തെ പിടിച്ചുകെട്ടാനാവും എന്ന വിശ്വാസം ഉണ്ടായതോടെയാണ് ജനങ്ങളുടെ മനസ് മാറി ചിന്തിച്ചത്. അമേരിക്കയിൽ ഇപ്പോൾ ജനനനിരക്ക് വർദ്ധിച്ചുവെങ്കിലും ഇത് രാജ്യത്തിന് വലിയ വെല്ലുവിളിയാകില്ല. കാരണം 2007 മുതൽ രാജ്യത്ത് ജനനനിരക്ക് കുറഞ്ഞ അളവിലാണ്. കൂടുതൽ രക്ഷിതാക്കളും തങ്ങൾക്ക് ഒരു കുട്ടി മതി എന്ന ചിന്തയിലാണ്. 2007ൽ അമേരിക്കയെ പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യമാണ് ഈ ചിന്തയ്ക്ക് അടിസ്ഥാനമിട്ടതെന്ന് വിലയിരുത്തലുകളുണ്ട്. ശിശു സംരക്ഷണത്തിനും, വിദ്യാഭ്യാസ ചെലവുകൾക്കുമുള്ള ഭാരിച്ച ചെലവും മറ്റൊരു കാരണമാണ്.