ലണ്ടൻ: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിന് ബ്രണ്ടും നതാലി സിവറും വിവാഹിതരായി. ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്.
ഏകദേശം അഞ്ച് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കമന്റേറ്ററും മുന് ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹ തന്റെ ഇൻ്സറ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ ഇക്കാര്യം പങ്കുവെച്ചതിന് പിന്നാലെ തന്നെ ബ്രണ്ടിനും സിവറിനും ആശംസകൾ നേർന്നുകൊണ്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും രംഗത്തെത്തി. ട്വിറ്ററിൽ ദമ്പതികളുടെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബോർഡ് ആശംസയറിയിച്ചത്.
ഇംഗ്ലണ്ടിനായി ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ബ്രണ്ടും സിവറും. 36കാരിയായ ബ്രണ്ട് പേസ് ബൗളറാണ്. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി-20കളും താരം കളിച്ചു. യഥാക്രമം 51, 167, 98 വിക്കറ്റുകളും താരം നേടി. 29കാരിയായ സിവർ ഓൾറൗണ്ടറാണ്. ദേശീയ ജഴ്സിയിൽ ഏഴ്ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി-20കളും കളിച്ച സിവർ യഥാക്രമം 343, 2711, 1720 റൺസ് ആണ് നേടിയിരിക്കുന്നത്. യഥാക്രമം 9, 59, 72 വിക്കറ്റുകളും താരത്തിനുണ്ട്.