നൈജീരിയയിൽ ജീവകാരുണ്യ പരിപാടിയ്ക്കിടെ തിക്കും തിരക്കും : 31 മരണം

Advertisement

അബുജ : തെക്കൻ നൈജീരിയയിൽ ക്രിസ്ത്യൻ പള്ളി സംഘടിപ്പിച്ച സൗജന്യ വസ്ത്ര, ഭക്ഷണ വിതരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് കുട്ടികളും ഒരു ഗർഭിണിയുമുൾപ്പെടെ 31 മരണം.

ഏഴ് പേർക്ക് പരിക്കേ​റ്റു. റിവേഴ്സ് സ്‌​റ്റേ​റ്റിലെ പോർട്ട് ഹാർകോർട്ടിലുള്ള കിംഗ്സ് അസംബ്ലി ചർച്ച്‌ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അപകടം. സമീപത്തെ ഒരു പ്രാദേശിക പോളോ ക്ലബിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പുലർച്ചെ അഞ്ച് മണിക്ക് തന്നെ നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ക്ലബിന്റെ പൂട്ടിയിരുന്ന ഗേ​റ്റ് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ആളുകൾ തിക്കിലും തിരക്കിലുംപ്പെട്ടതെന്ന് കരുതുന്നു. അപകടത്തിന് പിന്നാലെ പള്ളിയിലെ പരിപാടി നിറുത്തിവച്ചു.