ഇസ്ലാമാബാദ്: സാമ്പത്തിക കര്‍മ്മസേനയുടെ (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്-എഫ്എടിഎഫ്) സമ്മേളനങ്ങള്‍ നാളെ തുടങ്ങാനിരിക്കെ പ്രതീക്ഷയോടെ പാകിസ്ഥാന്‍. ഈ മാസം പതിനാറിനും പതിനേഴിനും നടക്കുന്ന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് നാളെ ബെര്‍ലിനില്‍ സമ്മേളനം നടക്കുന്നത്.
2018ലാണ് പാകിസ്ഥാനെ ചാരപ്പട്ടികയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതോടെ അന്തര്‍ദേശീയ സാമ്പത്തിക സഹായങ്ങള്‍ പലതും രാജ്യത്തിന് വിലക്കപ്പെട്ടു. ഇതിനെല്ലാം അവസാനമുണ്ടാകുമെന്ന് പാകിസ്ഥാനിലെ പുതിയ പിഎംഎല്‍എന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി പാക് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ഉപവിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ നേതൃത്വം നല്‍കുന്ന സംഘമാണ് യോഗത്തിനെത്തുന്നത്. വിദേശശക്തികള്‍ നിര്‍ദ്ദേശിച്ചിരുന്ന എല്ലാ പദ്ധതികളും തങ്ങള്‍ നടപ്പാക്കിയതിനാല്‍ സര്‍ക്കാര്‍ പ്രതീക്ഷയിലാണ്. ഏപ്രിലില്‍ ലഷ്‌കര്‍ ഇ തോയിബ മേധാവി ഹഫീസ് സയീദിനെ 36 വര്‍ഷത്തെ തടവിന് വിധിച്ചതോടെ രാജ്യാന്തരസമൂഹത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചതായി സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇതൊരു നിര്‍ണായക നിമിഷമാണെന്ന് ഉന്നത നയന്ത്ര വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ചാരപ്പട്ടികയില്‍ നിന്ന് പാകിസ്ഥാനെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും ഇവര്‍ പറയുന്നു.
പാകിസ്ഥാന്‍ ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും കള്ളപ്പണം വെളുപ്പിക്കല്‍ അവസാനിപ്പിച്ചെന്നും ലോകരാഷ്ട്രങ്ങള്‍ വിലയിരുത്തുന്നു എന്നാണ് സൂചന.