ശ്രീലങ്കയില്‍ കടുത്ത വറുതി: തമിഴ്‌നാടിന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്

Advertisement

കൊളംബോ: ശ്രീലങ്കയില്‍ ധനികര്‍ അവശ്യസാധനങ്ങള്‍ പൂഴ്ത്തി വയ്ക്കാന്‍ തുടങ്ങിയതോടെ വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ഇതോടെ സാധാരണക്കാര്‍ക്ക് എന്തെങ്കിലും വാങ്ങാനാകാത്ത സ്ഥിതിയാണ് ഇത് കൊടുംപട്ടിണിയിലേക്കാണ് ഇവരെ നയിക്കുന്നത്.

ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ലങ്കന്‍ തമിഴരുടെയും രാജ്യത്തെ മറ്റിടങ്ങളിലുള്ള തമിഴരുടെയും നില ഏറെ പരിതാപകരമായി മാറിയിരിക്കുന്നു. ശ്രീലങ്കയിലെ തമിഴ് സമൂഹം നല്‍കുന്ന സഹായങ്ങള്‍ ഇവരിലേക്ക് എത്തുന്നുമില്ല. ഇത് പട്ടിണി മരണങ്ങളിലേക്കും നയിക്കുന്നു,

ഇതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്യാനുള്ള ശ്രമത്തിലാണ് തമിഴ് സമൂഹം. രാജ്യത്ത് നിന്ന് അനധികൃതമായി വിദേശത്തേക്ക്് കടക്കാന്‍ ശ്രമിച്ച 90 പേരെ സൈന്യം പിടികൂടിയിരുന്നു. ഓസ്‌ട്രേലിയ , കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ പേര്‍ കടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൂചന.

ഇതിനിടെ തമിഴ്‌നാട് തീരത്തിന് പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ശ്രീലങ്കന്‍ തമിഴര്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ശ്രീലങ്കന്‍ തമിഴര്‍ക്കും മുസ്ലീങ്ങള്‍ക്കും പുറമെ ഭീകരരും ഈ സാഹചര്യം മുതലെടുത്ത് രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍.