ലണ്ടൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ചിത്രം ‘ലേഡി ഓഫ് ഹെവൻ റിലീസ് ചെയ്തതിന് പിന്നാലെ ബ്രിട്ടനിൽ വിവാദം ശക്തമാകുന്നു.
സിനിമയ്‌ക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ച ഇസ്ലാമോഫോബിയക്കെതിരായ ഉപദേശകനെ ബ്രിട്ടീഷ് സർക്കാർ സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇംഗ്ലണ്ട് നഗരമായ ലീഡ്‌സ് മസ്ജിദിലെ ഇമാം കൂടിയായ ഖാരി അസീമിനെയാണ് പുറത്താക്കിയത്. മതസൗഹാർദത്തിനായി സർക്കാർ നിയോഗിച്ച സ്വതന്ത്ര ഉപദേശകനായിരുന്നു ഖാരി അസീം.
‘ഈ സിനിമ അധിക്ഷേപകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. വർഗീയവും വംശീയവുമായാണ് ഈ ചിത്രത്തിന്റെ കഥ. അഭിപ്രായ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. നിയമത്തിനുള്ളിൽ നിന്ന് എല്ലാവർക്കും ഇത് പരിശീലിക്കാൻ പറ്റണം. പക്ഷേ ഈ സിനിമ വിദ്വേഷവും വർഗീയതും ഭീകരതയുമാണ് വളർത്തുന്നത്. ആർക്കും ഈ രാജ്യത്ത് കാണാൻ താൽപര്യമില്ലാത്ത ഇവ നമ്മൾ അവഗണിക്കണമെന്നായിരുന്നു’ ഖരിമീന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിനു പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി വന്നു. വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സംസാരിച്ചതുമാണ് നടപടിക്ക് കാരണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.ജൂൺ മൂന്നിന് റിലീസ് ചെയ്ത സിനിമയ്‌ക്കെതിരെ ബ്രിട്ടണിലെ തിയറ്ററുകൾക്ക് മുന്നിൽ പ്രതിഷേധം ശക്തമായതോടെ പല തിയറ്ററുകളും ചിത്രത്തിന്റെ പ്രദർശനം നിർത്തി.
പ്രവാചകൻ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ പ്രമേയം. സിനിമയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമായത്.