ന്യൂയോർക്ക്: ഏകദേശം 15,500 സ്ത്രീകൾ ഉൾപ്പെട്ട ലിംഗ വിവേചന കേസ് തീർപ്പാക്കാൻ 118 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് ഗൂഗിൾ.
ഒത്തുതീർപ്പ് കരാറിനൊപ്പമുള്ള പത്രക്കുറിപ്പിൽ പറയുന്നത് അനുസരിച്ച്, ഗൂഗിളിൽ ഒരു സ്വതന്ത്ര തൊഴിൽ സാമ്പത്തിക വിദഗ്ധൻ ഉണ്ടാകുകയും അയാൾ കമ്പനിയുടെ നിയമന രീതികൾ വിലയിരുത്തുകയും തുല്യത സംബന്ധിച്ച പഠനങ്ങൾ നൽകുകയും വേണം.
കാലിഫോർണിയയിലെ തുല്യ വേതന നിയമം ലംഘിച്ച്, ഏകദേശം 17,000 ഡോളറിന്റെ വേതന അസമത്വം കമ്പനി നടത്തിയെന്നു ചൂണ്ടിക്കാട്ടി മൂന്ന് സ്ത്രീകൾ 2017 ൽ പരാതി നൽകിയിരുന്നു. വനിതാ ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകുന്നതായി ഇവർ ആരോപിച്ചു.
എതിർലിംഗത്തിലുള്ളതോ മറ്റൊരു വംശത്തിലോ പെട്ട ജീവനക്കാർക്ക് നൽകുന്ന വേതനം മറ്റ് ജീവനക്കാർക്ക് നൽകുന്ന വേതനത്തെക്കാൾ കുറവായിരിക്കരുത് എന്നാണ് കാലിഫോർണിയയിലെ സർക്കാർ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ഈ നിയമം അനുസരിച്ച് സീനിയോറിറ്റി, മെറിറ്റ്, കഴിവുകൾ എന്നിവ മാനദണ്ഡമാക്കി തൊഴിലുടമക്ക് ജീവനക്കാരുടെ വേതനം നിശ്ചയിക്കാം. പക്ഷേ ഇതൊരിക്കലും ഏതെങ്കിലും ജാതിയോ വംശമോ, ലിംഗമോ അടിസ്ഥാമാക്കി ഉള്ളതാകരുത്.
ഗൂഗിൾ സ്ത്രീകളെ താഴേത്തട്ടിലുള്ള സ്ഥാനങ്ങളിൽ നിയമിക്കുന്നു എന്നും പുരുഷ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ശമ്പളവും ബോണസും നൽകുന്നു എന്നും കമ്പനിക്കെതിരെയുള്ള പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
മുൻപും ജീവനക്കാർക്കെതിരായ ഗൂഗിളിന്റെ സമീപനം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നിരുന്നു. വനിതാ എഞ്ചിനീയർമാർക്ക് കുറഞ്ഞ വേതനം നൽകി, ഏഷ്യക്കാരുടെ ജോലി അപേക്ഷകൾ അവഗണിച്ചു തുടങ്ങിയ പരാതികൾ പരിഹരിക്കാൻ കഴിഞ്ഞ വർഷം 25 ലക്ഷം ഡോളർ നൽകാൻ ഗൂഗിൾ സമ്മതിച്ചിരുന്നു.
കമ്പനിയിൽ കറുത്ത വർഗക്കാരായ സ്ത്രീ ജീവനക്കാർക്കെതിരെ ഉണ്ടായേക്കാവുന്ന പീഡനവും വിവേചനവും സംബന്ധിച്ചും കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫെയർ എംപ്ലോയ്‌മെന്റ് ആൻഡ് ഹൗസിംഗ് പരിശോധിക്കുന്നുണ്ട്.
തുല്യതയിൽ തങ്ങൾ ശക്തമായി വിശ്വസിക്കുന്നുണ്ടെന്നും, ഏകദേശം അഞ്ച് വർഷത്തെ കോടതി വ്യവഹാരത്തിന് ശേഷം, ഈ വിഷയം പരിഹരിക്കുന്നത് എല്ലാവരുടെയും താത്പര്യത്തിൽ പെട്ട കാര്യമാണെന്നും അതിൽ തങ്ങൾ വളരെ സന്തുഷ്ടരാണെന്നും ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ ജീവനക്കാരെയും തുല്യമായി പരിഗണിക്കുന്നു എന്നും തുല്യ ശമ്പളം നൽകുന്നതിനും തുല്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും പുരുഷ-സ്ത്രീ ജീവനക്കാർ തമ്മിലുള്ള വേതന വ്യത്യാസം കണ്ടെത്തിയാൽ അത് ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും കമ്പനി അറിയിച്ചു.
അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ഗൂഗിളിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇ-കൊമേഴ്‌സ്, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് എന്നിവയിലെല്ലാം പ്രവർത്തനങ്ങളുണ്ട്. സുന്ദർ പിച്ചെ ആണ് കമ്പനിയുടെ സിഇഒ.