ന്യൂയോര്‍ക്ക്: ഒരു രാജ്യം അതിന്റെ പ്രതാപത്തില്‍ നിന്ന് താഴേക്ക് പതിക്കുന്നതിന്റെ നേര്‍ചിത്രങ്ങളുമായി ഒരു യുവാവ്. ശതകോടീശ്വരനായ ഇന്ത്യന്‍ വ്യവസായി ഉദയ് കോട്ടക്കിന്റെ മകനും കോട്ടക്ക് മഹീന്ദ്ര ബാങ്കിന്റെ സഹതലവനുമായ ജെയ് കോട്ടക്ക് ആണ് അമേരിക്കയുടെ ദുഃസ്ഥിതി വിവരിക്കുന്ന ചില ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. തനിക്ക് നേരിട്ട് അനുഭവപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
അടുത്തിടെ അമേരിക്കയിലേക്ക് നടത്തിയ യാത്രയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ വേണ്ടി കാത്ത് നിന്നത് അഞ്ച് മണിക്കൂറാണെന്ന് അദ്ദേഹം കുറിച്ചിരിക്കുന്നു. ഇതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഹാര്‍വാര്‍ഡിലെ അഞ്ചാം വര്‍ഷത്തെ റീയൂണിയന് വേണ്ടിയാണ് താന്‍ അവിടേക്ക് പോയത്. ഈ യാത്ര ഒരു രാജ്യത്തിന്റെ നാശത്തിലേക്ക് എങ്ങനെയാണ് എത്തിക്കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സഹായിച്ചു. പണപ്പെരുപ്പം അതി വേഗത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. നഗരങ്ങള്‍ അതീവ വൃത്തിഹീനം. ദിവസവും തോക്ക് സംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിമാനത്താവളത്തിലെ നീളന്‍ വരികള്‍, വിമാനം വൈകലുകള്‍-ഇതെല്ലാം കാണുമ്പോള്‍ ഒരു ശരാശരി മനുഷ്യന് ഈ രാജ്യത്തെക്കുറിച്ച് ആശിക്കാനൊന്നുമില്ല.
ഇന്ത്യയിലേക്ക് തിരികെ പറന്നപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് പോന്നതായി തോന്നിയെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.