ഇന്ധന ക്ഷാമം ; ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നു

Advertisement

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളും സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പൊതുഭരണ മന്ത്രാലയം.

രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്നാണ് തീരുമാനം.1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ ഭക്ഷണം, മരുന്നുകൾ, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നൽകാൻ സർക്കാറിന് കഴിയുന്നില്ല.

പെട്രോൾ, ഡീസൽ എന്നിവയുടെ രൂക്ഷമായ ക്ഷാമം കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ എല്ലാ വകുപ്പുകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രാദേശിക കൗൺസിലുകളും പ്രവർത്തനം നിർത്തണമെന്ന് പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു.പൊതുഗതാഗതത്തിന്റെ കുറവും സ്വകാര്യ വാഹനങ്ങൾ ക്രമീകരിക്കാനുള്ള സൗകര്യക്കുറവും കാരണം ജോലിക്ക് റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരവിൽ പറയുന്നു.

രാജ്യം റെക്കോർഡ് പണപ്പെരുപ്പവും കടുത്ത വൈദ്യുതി പ്രതിസന്ധിയും നേരിടുകയാണ്.