ദുബായ്: യുഎഇയുടെ ആകാശത്ത് ഗ്രഹങ്ങളുടെ സമ്മേളനം നടക്കുന്നു. വരാനിരിക്കുന്ന വെള്ളിയാഴ്ചയാണ് ഈ അപൂർവ പ്രതിഭാസം കാണാൻ സാധിക്കുക. ഈ വെള്ളിയാഴ്ച ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നി ഗ്രഹങ്ങളെ ഒരുമിച്ച് കാണാൻ സാധിക്കും.
ഒന്നിനൊന്നോട് ചേർന്നു അഞ്ചു ഗ്രഹങ്ങളും ഭൂമിക്ക് അഭിമുഖമായി നിൽക്കും. ഇവർക്കൊപ്പം ചന്ദ്രനും സാന്നിധ്യം അറിയിക്കുന്നതാണ് അപൂർവ കാഴ്ച.
അഞ്ചു ഗ്രഹങ്ങൾ ഒരുമിച്ച് സൂര്യന്റെ ഒരു വശത്ത് വരുന്നത് 19 വർഷം കൂടുമ്പോഴാണ്. മൂന്നു ഗ്രഹങ്ങൾ വർഷത്തിൽ രണ്ടു തവണ സൂര്യന്റെ ഒരു വശത്ത് വരാറുണ്ട്. നാലു ഗ്രഹങ്ങൾ വർഷത്തിലൊരിക്കൽ ഒരേ ദിശയിൽ എത്തും. എട്ടു ഗ്രഹങ്ങളും സൂര്യന്റെ ഒരു വശത്ത് ഒരുമിച്ച് എത്തുന്നത് 170 വർഷം കൂടുമ്പോഴാണ്. ഇനി ഇത്തരമൊരു കാഴ്ച അടുത്ത ദശാബ്ദത്തിൽ മാത്രമേ ഉണ്ടാകൂ എന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു.
സൂര്യോദയത്തിന് ഒരു മണിക്കൂർ മുൻപായിരിക്കും പഞ്ചഗ്രഹ സംഗമം. ഒരു മണിക്കൂർ വരെ ഇത് നീളാം. നഗ്‌ന നേത്രങ്ങൾ കൊണ്ടു കാണാമെങ്കിലും ദൂർദർശിനി ഉപയോഗിച്ചാൽ കൂടുതൽ മിഴിവോടെ കാണാം. അൽതുര്യ അസ്‌ട്രോണമി സെന്ററും ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും ആകാശ കാഴ്ച കാണിക്കാൻ അവസരം നൽകുന്നുണ്ട്. 24ന് രാത്രി 1 മണി മുതൽ പുലർച്ചെ അഞ്ചു വരെയാണിത്. പണം നൽകി ഇവരുടെ ദൂരദർശിനിയിലൂടെ കാഴ്ച കാണാം. മേഘക്കൂട്ടം തടസ്സമായില്ലെങ്കിൽ അപൂർവമായി കിട്ടുന്ന പഞ്ചഗ്രഹ സംഗമം യുഎഇയുടെ ആകാശത്ത് മികച്ച രീതിയിൽ തെളിയും.