മയ്യോർക്ക: ഓഫ് സീസൺ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് ഫുട്‌ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്റ്റ്യായാനോക്ക് പിറകെയായിരുന്നു.
സ്‌പെയ്‌നിലെ മയ്യോർക്കയിൽ അവധിക്കാലം അടിച്ചു പൊളിക്കുന്ന ഫുട്‌ബോൾ താരം സ്വിമ്മിംഗ് പൂൾ, വർക്കൗട്ട് ദൃശ്യങ്ങൾ പുറത്തുവിട്ടതാണ് കാരണം. ഇപ്പോൾ, വൈറലായിക്കൊണ്ടിരിക്കുന്നത് ക്രിസ്റ്റ്യാനോയുടെ പതിനാറര കോടിയുടെ കാർ ബുഗാറ്റി വെയ്‌റോൺ അപകടത്തിൽ പെട്ടതാണ്.
യാത്രക്കാരുള്ള കാർ അതിവേഗത്തിൽ ഒരു മതിലിൽ ഇടിച്ചു കയറി. അപകട സമയത്ത് ക്രിസ്റ്റ്യാനോ കാറിനകത്തില്ലായിരുന്നു. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല.മയ്യോർക്കയിലെ അൽസിന തെരുവിലൂടെ കാറോടിച്ച് പോകുമ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ക്രിസ്റ്റ്യാനോ ഏറ്റെടുക്കുകയും നഷ്ടം നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അവധിക്കാലം ചെലവഴിക്കുവാൻ ബുഗാറ്റി വെയ്‌റോണിന് പുറമെ ഫാമിലി എസ്.യു.വിയും കപ്പലിൽ മയ്യോർക്കയിലെത്തിച്ചിരുന്നു. യുവേഫ നാഷൻസ് ലീഗിൽ സ്വിറ്റ്‌സർലൻഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ അവധി ആഘോഷങ്ങളിലേക്ക് പ്രവേശിച്ചത്. പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി ജൂലൈ 12ന് ക്രിസ്റ്റ്യാനോ ഇംഗ്ലണ്ടിലെത്തും. തായ്‌ലൻഡിൽ ലിവർപൂളുമായി സൗഹൃദ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ നേർക്കുനേർ വരുമ്പോൾ ക്രിസ്റ്റ്യാനോ ടീമിലുണ്ടാകും.
144 വർഷത്തെ ചരിത്രത്തിനിടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ സീസണിൽ കാഴ്ച വെച്ചത്. ഒരു ട്രോഫി പോലുമില്ലാതെ, പ്രീമിയർ ലീഗിൽ ആറാം സ്ഥാനം മാത്രമാണ് നേടാനായത്. ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിൽ നിന്നാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുനൈററ്റഡിൽ ചേരുന്നത്. കഴിഞ്ഞ സീസണിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി 39 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്.