ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 28ന് യുഎഇ സന്ദര്‍ശിക്കും. ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ നിര്യാണത്തിന് അനുശോചനം അറിയിക്കാനാണ് യാത്ര.
വിദേശകാര്യമന്ത്രാലയമാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടത്. ഈ മാസം 26 മുതല്‍ 28 വരെ ജര്‍മ്മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം യുഎഇയിലെത്തുക.
യുഎഇയുടെ പുതിയ ഭരണാധികാരിയായ തെരഞ്ഞെടുത്ത ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി നേരില്‍ കണ്ട് അഭിനന്ദനവും അറിയിക്കും. ജനുവരിയില്‍ അദ്ദേഹം യുഎഇ സന്ദര്‍ശിക്കാനിരുന്നതാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റി വയ്‌ക്കേണ്ടി വന്നു. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പു വച്ച ശേഷമുള്ള സന്ദര്‍ശനമാണിതെന്ന പ്രത്യേകതയുമുണ്ട്.
ജൂണ്‍ 28ന് തന്നെ രാത്രിയില്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.