ബൈഡന്റെ ഭാര്യയും മകളുമടക്കം 25 അമേരിക്കക്കാർക്ക് റഷ്യയിൽ വിലക്ക്

Advertisement

മോസ്കോ: യു.എസ് പ്രസിഡന്റ് ജോബൈഡന്റെ ഭാര്യ ജിൽ ബൈഡനും മകളുമടക്കം 25 അമേരിക്കൻ പൗരൻമാരെ വിലക്കി റഷ്യ.

കഴിഞ്ഞ ദിവസമാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം യു.എസ് പൗരൻമാരെ റഷ്യയിൽ വിലക്കികൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. 25 അമേരിക്കക്കാർ വിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെട്ടതായി നോട്ടീസിൽ പറ‍യുന്നു.

റഷ്യൻ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വങ്ങൾക്കെതിരെ അമേരിക്ക നിരന്തരം ഉപരോധ നടപടികൾ വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതികരണമെന്ന നിലയിൽ റഷ്യ 25 അമേരിക്കൻ പൗരൻമാരെ വിലക്കി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.

സൂസൻ കോളിൻസ്, മിച്ച്‌ മക്കോണൽ, ചാൾസ് ഗ്രാസ്ലി, കിർസ്റ്റൺ ഗില്ലിബ്രാൻഡ് എന്നിവരുൾപ്പടെ നിരവധി യു.എസ് സെനറ്റർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ യൂനിവേഴ്സിറ്റി പ്രഫസർമാരും ഗവേഷകരും മുൻ അമേരിക്കൻ ഗവൺമെൻറ് ഉദ്യോഗസ്ഥരും പട്ടികയിൽ ഉൾപ്പെടുന്നു.

യുക്രെയ്നിൽ റഷ്യ ആക്രമണം നടത്തിയതോടെ അമേരിക്ക-റഷ്യ ബന്ധം വഷളാവുക‍യും റഷ്യക്കെതിരെ നിരവധി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement