ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്ന പാകിസ്ഥാനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തലാക്കുന്നു.
പാകിസ്ഥാൻ നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് (എൻ ഐ ടി ബി) ആണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് വൈദ്യുത വിതരണം മണിക്കൂറുകളോളം തടസപ്പെടുന്നതാണ് ടെലികോം കമ്പനികളെ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും നിറുത്തലാക്കുന്നില്ലെന്നും ഏതാനും മണിക്കൂർ മാത്രമാണ് സേവനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാവുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മുന്നറിയിപ്പില്ലാതെ വൈദ്യുത വിതരണം മുടങ്ങുന്നത് ഇതിനകം രാജ്യത്തെ വൻ കമ്പനികളുടെ പ്രവർത്തങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓരോദിവസവും കോടികളുടെ നഷ്ടമാണ് ടെലികോം കമ്പനികൾക്ക് ഉൾപ്പടെ ഉണ്ടാകുന്നത്. ഈ നിലയിൽ മുന്നോട്ടുപോയാൽ പാപ്പരാകും എന്ന് വ്യക്തമായതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ മാസം മുതൽ കൂടുതൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകിയതും പൊടുന്നനെ തീരുമാനമെടുക്കാൻ കമ്പനികൾക്ക് പ്രേരണയായി.
കടുത്ത ഉഷ്ണതരംഗമാണ് പാകിസ്ഥാനിലെ പല നഗരങ്ങളിലും ഇപ്പോൾ. ഇതിനിടയിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ ദ്രവീകൃത പ്രകൃതി വാതകം (എൽ എൻ ജി) വാങ്ങാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചിട്ടില്ല. ഊർജ പ്രതിസന്ധി കടുത്തതോടെ രാജ്യത്ത് ഓഫീസ് സമയം വെട്ടിക്കുറച്ചിരിക്കുകയാണ്. കറാച്ചി ഉൾപ്പടെ പാകിസ്ഥാനിലെ ഒട്ടുമിക്ക നഗരങ്ങളിലെയും ഫാക്ടറികളും ഷോപ്പിംഗ് മാളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരത്തേ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ പാകിസ്ഥാനിലെ പണപ്പെരുപ്പം ഇരട്ട അക്കത്തിലേക്ക് പ്രവേശിച്ചു, ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഇമ്രാൻ സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് പൊതുവെയുള്ള വിമർശനം. പ്രതിസന്ധി മറികടക്കാൻ ചൈനയിൽ നിന്ന് വായ്പ സ്വീകരിക്കാൻ ഇപ്പോഴത്തെ ഭരണകൂടം ശ്രമിച്ചത് കടുത്ത എതിർപ്പിന് കാരണമാക്കിയിട്ടുണ്ട്.