മതനിന്ദ; പാക്കിസ്ഥാനിൽ സാംസങ് ജീവനക്കാരുടെ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു; 27 പേർ അറസ്റ്റിൽ

Advertisement

കറാച്ചി: ആഗോള കമ്പനിയായ സാംസങ് മതനിന്ദ കാട്ടിയെന്ന് ആരോപിച്ച്‌ ജീവനക്കാരുടെ കടുത്ത പ്രതിഷേധം.

കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ച വൈഫൈ ഡിവൈസുകളിൽ നിന്ന് മതനിന്ദാസൂചകമായ കമന്റുകൾ പോസ്റ്റ് ചെയ്തു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 27 സാംസങ് ജീവക്കാരെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ വിവാദ കമന്റുകൾ പോസ്റ്റ് ചെയ്ത വൈഫൈ ഡിവൈസ് പിടിച്ചെടുത്തു.സാംസങ്ങിന്റെ ബിൽബോർഡുകളും പ്രതിഷേധക്കാർ തകർത്തിരുന്നു. പ്രതിഷേധക്കാർ ബോർഡുകൾ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മതവികാരങ്ങളടെ കാര്യത്തിൽ നിഷ്പക്ഷ സമീപനമാണ് കമ്പനി സ്വീകരിക്കുന്നതെന്ന് കാട്ടി സാംസങ് പാക്കിസ്ഥാൻ പ്രസ്താവനയിറക്കി. എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും, ഇസ്ലാം മതത്തെ അതീവ ആദരവോടെയാണ് കാണുന്നതെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ കമ്പനിയിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. ആരാണ് വൈഫൈ സംവിധാനം സ്ഥാപിച്ചത് എന്നറിയാൻ ഫെഡറൽ ഇൻവസ്റ്റിഗേറ്റിങ് ഏജൻസിയുടെ സൈബർ ക്രൈം വിഭാഗവുമായി ചേർന്ന് അന്വേഷണം നടത്തി വരികയാണെന്ന് കറാച്ചി പൊലീസ് അറിയിച്ചു.

മതനിന്ദ പാക്കിസ്ഥാനിൽ വളരെ വികാരപരമയ വിഷയമാണ്. കഴിഞ്ഞ വർഷം ഒരു ശ്രീലങ്കൻ തൊഴിലാളിയെ മതനിന്ദ ആരോപിച്ച്‌ ഒരു ഫാക്ടറിയിലെ ജീവനക്കാർ മർദ്ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

1 COMMENT

Comments are closed.