പാരിസ്: ലോകപ്രശസ്ത ബ്രിട്ടീഷ് നാടക–ചലച്ചിത്ര സംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു. 2021ൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
925ൽ ജൂത കുടിയേറ്റ കുടുംബാംഗമായി പിറന്ന ബ്രൂക്ക്, ഓക്സ്ഫഡ് വാഴ്സിറ്റിയിൽ ഉന്നത പഠനം നടത്തുന്നതിനിടെ, ബർമിങ്ഹാം റിപർടോറി തിയറ്റർ സംവിധായകനായാണ് തുടക്കംകുറിക്കുന്നത്. ലോഡ് ഓഫ് ഫ്ലൈസ് (1963) എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ഷേയ്ക്സ്പിയർ, മഹാഭാരത നാടകാവിഷ്കാരങ്ങളിലൂടെ വിഖ്യാതനായി.
പീറ്റർ വെയ്സിന്റെ മറാട്ട്/ സേഡ് (1966) ഷേയ്ക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം (1970) എന്നീ നാടകങ്ങളിലൂടെ മികച്ച സംവിധായകനായി. 1970കളുടെ പകുതിയിൽ ജീൻ ക്ലോഡ് കാരിയറുമായി ചേർന്ന് മഹാഭാരതം നാടകമാക്കാൻ തുടങ്ങിയ ശ്രമം 1985ൽ അവസാനിച്ചു. വിജയകരമായി വേദിയിൽ അവതരിപ്പിച്ച നാടകം പിന്നീട് ടിവി പരമ്പരയുമായി.1974 മുതൽ പാരീസിൽ ജീവിച്ച ബ്രൂക്ക് ശനിയാഴ്ച നഗരത്തിൽ തന്നെയാണ് അന്തരിച്ചത്.