ദേവസഹായം പിള്ളയുടെ കൊലപാതകം: തങ്ങളുടെ പൂര്‍വികരെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജപ്രതിനിധികള്‍ പോപ്പിന് കത്തയച്ചു

Advertisement


തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടില്‍ കത്തോലിക്ക മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദേവസഹായം പിള്ള വത്തിക്കാന്‍ വിശുദ്ധനായി പ്രഖ്യാപിച്ചത് മെയ് മാസത്തിലാണ്. അദ്ദേഹം മതപരിവര്‍ത്തനം ചെയ്തതിന് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വധിച്ചു എന്നാണ് കത്തോലിക്ക ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ വീണ്ടും ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. ഇതോടെയാണ് കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ രാജപ്രതിനിധികളായ ഗൗരി പാര്‍വതി ഭായിയും ഗൗരി ലക്ഷ്മിഭായും ഈ ചരിത്രപരമായ പിഴവ് തിരുത്തണമെന്നും തങ്ങളുടെ പൂര്‍വികരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും കാട്ടി പോപ്പിന് കത്തയച്ചിരിക്കുന്നത്. നാടിനെ ഒറ്റുകൊടുക്കുന്നതടക്കം ഗൗരവമുള്ള പ കുറ്റങ്ങളും ചെയ്തതിന്റെ പേരിലാണ് ദേവസഹായം പിള്ളയെ വധിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം തെളിയിക്കാന്‍ തെളിവുകളുണ്ടെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ദേവസഹായം പിള്ളയ്ക്ക് വിശുദ്ധ പദവി ലഭിച്ചതില്‍ രാജകുടുംബത്തിന് യാതൊരു വിഷമവും ഇല്ലെന്നും എന്നാല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനെ വ്യക്തിഹത്യ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബം എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിവിധ പള്ളികള്‍ക്ക് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മിഷനറിമാരെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

2020 ഫെബ്രുവരിയിലാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കാന്‍ തീരുമാനിച്ചത് മെയ് പതിനഞ്ചിനായിരുന്നു വിശുദ്ധനായി പ്രഖ്യാപിച്ചത്.