ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഇന്ത്യാക്കാരനാകുമോ? ആകാംക്ഷയോടെ രാജ്യം

Advertisement


ലണ്ടൻ: നൂറ്റാണ്ടുകളോളം ഇന്ത്യയെ അടക്ക ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചെങ്കോൽ ഒരു ഇന്ത്യാക്കാരൻ ഏന്തുമോ എന്ന ചർച്ചയിലാണ് ലോകമിപ്പോൾ. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നു ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജിപരമ്പരയ്ക്ക് തുടക്കമിട്ട ഋഷി സുനാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്.

ഇതോടെ ബോറിസിന്റെ പിൻഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനാക്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്.

കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചു. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണ മൂർത്തിയുടെ മരുമകനായ സുനാക്കിന്റെ കുടുംബം പഞ്ചാബിൽനിന്ന് കുടിയേറിയവരാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചാണ് ഋഷി മന്ത്രിസ്ഥാനം രാജിവച്ചത്.

പാക്കിസ്ഥാൻ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണ പരാതി ഉയർന്നതും ഇയാളെ തന്നെ സർക്കാരിലെ പ്രധാനസ്ഥാനത്തേക്കു പരിഗണിച്ചതും മന്ത്രിമാരുടെ അതൃപ്തിക്കു കാരണമായി. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്ക്. പത്തോളം മന്ത്രിമാർ ഇന്നു രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിഞ്ഞത്

പാർട്ടിയുടെ നേതൃസ്ഥാനങ്ങളും ബോറിസ് രാജിവച്ചു. പുതിയ ഭരണാധികാരി വരുംവരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരും. ടോറി പാർട്ടി കോൺഫറൻസിനു മുൻപ് പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയേക്കും. ടോറികൾ‌ക്കു ഭൂരിപക്ഷമുള്ള ബ്രിട്ടനിൽ‌ പുതിയ പ്രധാനമന്ത്രിയും ടോറി പാർട്ടിയിൽനിന്നുതന്നെയാകും.