സിറയന്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്തു

Advertisement


ന്യൂയോര്‍ക്ക്: പാശ്ചാത്യ രാജ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ഐക്യരാഷ്ട്ര സുരക്ഷ സമിതി പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്തു. യുദ്ധഭരിതമായ സിറിയയ്ക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രമേയമാണിത്. അതേസമയം റഷ്യ അവതരിപ്പിച്ച എതിര്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. എന്നാല്‍ ഇരുപ്രമേയങ്ങളും പാസാക്കാനായില്ല. സ്ഥിരാംഗങ്ങള്‍ വീറ്റോ പ്രയോഗിച്ചതാണ് കാരണം.

41 ലക്ഷം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന മേഖലയില്‍ ബാബ് അല്‍ ഹവ അതിര്‍ത്തി വഴി സഹായം എത്തിക്കുന്നതിനുള്ള പ്രമേയമാണ് പാസാക്കാനാകാതെ പോയത്. വിമതരുടെ നിയന്ത്രണത്തിലാണ് മേഖല.

സിറിയയില്‍ സഹായമെത്തിക്കുന്നത് ഒരു വര്‍ഷം കൂടി തുടരണമെന്ന് സൂചിപ്പിച്ച് അയര്‍ലന്‍ഡും നോര്‍വെയും കൊണ്ടു വന്ന പ്രമേയം റഷ്യ വീറ്റോ ചെയ്യുകയായിരുന്നു. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നെങ്കിലും ബാക്കി പതിമൂന്ന് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തു. റഷ്യ ഒറ്റപ്പെട്ടു എന്നതിന്റെ ശക്തമായ സൂചനയാണ് ഈ വോട്ടെടുപ്പ് നല്‍കിയത്.

ആറ് മാസത്തേക്ക് കൂടി സഹായം എത്തിക്കാമന്ന റഷ്യന്‍ പ്രമേയം അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വീറ്റോ ചെയ്തു. ഇതില്‍ ചൈന മാത്രമാണ് റഷ്യയ്ക്ക് വേണ്ടി വോട്ട് ചെയ്തത്. പത്ത് പത്ത് രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Advertisement