തിരുവനന്തപുരം: കേരളം ശ്രീലങ്കൻ വിമാനങ്ങളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായി മാറിയിരിക്കുന്നു. രാജ്യത്തെ ഭരണപ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥ ഇന്ധന വിതരണത്തിനടക്കം ബാധിച്ചു കഴിഞ്ഞു.
ഒന്നര മാസത്തോളമായി ഇന്ധന പ്രതിസന്ധികാരണം നട്ടം തിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി കേരളം രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കയിൽനിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സൗകര്യം നൽകുന്നത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവുമാണ്.
ശ്രീലങ്കയിൽനിന്നെത്തിയ തൊണ്ണൂറിലധികം വിമാനങ്ങൾ കഴിഞ്ഞ ഒന്നരമാസത്തിനിടെ തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ശ്രീലങ്കൻ എയർലൈൻസിന്റെ 60 വിമാനങ്ങളും മറ്റുള്ള രാജ്യങ്ങളിലെ വിമാനങ്ങളുമാണ് തിരുവനന്തപുരത്തുനിന്ന് ഇന്ധനം നിറച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനു മാത്രം ഒരു ലക്ഷംരൂപയാണ് ഈടാക്കുന്നത്. ക്രൂ ചെയ്ഞ്ചിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വിമാനത്തിൽനിന്ന് പുറത്തിറങ്ങാനാകില്ല. വിമാനങ്ങൾക്ക് ശരാശരി ഒരു മണിക്കൂറാണ് അനുമതി നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനങ്ങൾ രാത്രിയിലാണ് ഇന്ധനം നിറയ്ക്കാൻ കൂടുതലായും എത്തുന്നത്. ഒരു ദിവസം ശരാശരി മൂന്നു വിമാനങ്ങളെങ്കിലും ഇന്ധനം നിറയ്ക്കാൻ എത്തുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ശ്രീലങ്കയിൽനിന്നുള്ള വലിയ വിമാനങ്ങൾ ഇന്ധനം നിറച്ചശേഷം ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ എന്നിവിടങ്ങളിലേക്കും പാരിസിലേക്കും ഫ്രാങ്ക്ഫട്ടിലേക്കുമാണ് പ്രധാനമായും പോകുന്നത്. ഒമാൻ എയർ, ഷാർജയുടെ എയർ അറേബ്യ, ബഹ്റൈന്റെ ഗൾഫ് എയർ, ഫ്‌ളൈ ദുബായ് തുടങ്ങിയ വിമാനക്കമ്പനികളാണ് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഗൾഫ് മേഖലയിൽനിന്ന് ശ്രീലങ്കയിലെത്തുന്ന വിമാനങ്ങൾ അവിടെനിന്ന് തിരുവനന്തപുരത്തെത്തി ഇന്ധനം നിറച്ചശേഷം ഗൾഫ് മേഖലയിലേക്കു തിരിച്ചു പോകും. 33വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തിൽ ഇതുവരെ ഇന്ധനം നിറയ്ക്കാനെത്തിയതെന്ന് അധികൃതർ പറഞ്ഞു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ, എത്തിഹാത് തുടങ്ങിയ കമ്പനികൾ സൗകര്യം ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) നികുതി നിരക്ക് സംസ്ഥാന സർക്കാർ കുറച്ചതും വിമാനക്കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.
വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ഹബ്ബായി കേരളത്തെ മാറ്റാനുള്ള സാധ്യത കൂടുതലാണെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നു. വിമാനത്താവള നടത്തിപ്പുകാരും സർക്കാരും എങ്ങനെ മുന്നോട്ടു പോകുന്നു എന്നതനുസരിച്ചു മാത്രമേ ഇതു യാഥാർഥ്യമാകൂ. തിരുവനന്തപുരം വിമാനത്താവളത്തിനു സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. സിംഗപ്പൂരിനെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന അന്താരാഷ്ട്ര റൂട്ട് കടന്നു പോകുന്നത് (ആൽഫ 330) തിരുവനന്തപുരത്തുകൂടിയാണ്. നിരവധി വിമാനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്. തിരുവനന്തപുരത്തെ റഡാറാണ് വിമാനങ്ങളെ നിയന്ത്രിക്കുന്നത്. ലോകത്തെ പല വിമാനത്താവളങ്ങളും ടെക്നിക്കൽ ലാൻഡിങ് സൗകര്യം ഒരുക്കുന്നതിലൂടെ വലിയ വരുമാനം നേടുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു.
ഏതായാലും ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധി തത്ക്കാലത്തേക്ക് എങ്കിലും കേരളത്തിന് നേട്ടമായിരിക്കുകയാണ്.