റാസല്‍ഖൈമ: വാഹനാപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് ഗതാഗത ബോധവത്കരണത്തിന് റാക് പൊലീസ് പ്രചാരണ പരിപാടിയുമായി രംഗത്ത്
‘അപകടരഹിത വേനല്‍’, ‘നിങ്ങളുടെ വാഹനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക’എന്നീ ശീര്‍ഷകങ്ങളിലാണ് പ്രചാരണം തുടങ്ങിയതെന്ന് റാക് പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ഉപമേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു.
റോഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപിത നയത്തിലൂന്നിയാണ് പ്രചാരണം.
വാഹനം ഉപയോഗിക്കുന്നവരുടെയും റോഡ് ഉപഭോക്താക്കളുടെയും ജാഗ്രതക്കുറവ് തീരാനഷ്ടത്തിലാണ് കലാശിക്കുന്നത്. ഗതാഗത നിയമം പാലിക്കാന്‍ എല്ലാ വിഭാഗം ആളുകളും തയാറാകണം. യഥാസമയം വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താത്തത് ദുരന്തങ്ങളിലാണ് കലാശിക്കുകയെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
നിശ്ചിത സമയം കഴിഞ്ഞാല്‍ ടയറുകള്‍ മാറ്റേണ്ടത് നിര്‍ബന്ധമാണ്. കുറ്റമറ്റ ടയറുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ധനക്ഷമത ഉറപ്പുവരുത്തുകയും ടയര്‍ പൊട്ടിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും.
എഞ്ചിന്‍ കൂളിങ് സിസ്റ്റവും ബ്രേക്ക് സംവിധാനവും നിശ്ചിത സമയങ്ങളില്‍ പരിശോധിക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.