ഒമാനിൽ പ്രവാസികളുടെ താമസസ്ഥലത്ത് കസ്റ്റംസിന്റെ റെയ്ഡ്; പിടികൂടിയത് വൻതോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും

Advertisement

മസ്ക്കറ്റ്: ഒമാനിൽ പ്രവാസികളുടെ താമസസ്ഥലത്ത് കസ്റ്റംസ് നടത്തിയ റെയ്ഡിൽ വൻതോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും പിടികൂടി.
കസ്റ്റംസ് അധികൃതർ വടക്ക്, തെക്ക് ബാതിന ഗവർണറേറ്റുകളിൽ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.

ബർക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യവും നിരോധിത സിഗരറ്റുകളും വൻതോതിൽ പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം മസ്ക്കറ്റ് ഗവർണറേറ്റിലെ ബീച്ചിൽ നിന്ന് 70 കിലോഗ്രാമിലേറെ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതർ, കോസ്റ്റ് ഗാർഡ് പൊലീസുമായി ചേർന്ന് നടത്തിയ ഓപറേഷനിൽ രണ്ട് നുഴഞ്ഞുകയറ്റക്കാരെ ലഹരിമരുന്നുമായി ബന്ധപ്പെട്ട് പിടികൂടിയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ബീച്ചിൽ 73 കിലോ കഞ്ചാവ് ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

Advertisement