യുഎഇയിൽ സമഗ്രമായ വിസ നവീകരണം അടുത്തമാസം മുതൽ

Advertisement

ദുബായ്: മികച്ച നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിന് വിസ നിയമത്തിൽ യുഎഇ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമഗ്രമായ മാറ്റം അടുത്തമാസം മുതൽ പ്രാബല്യത്തിൽ വരും.

ഗോൾഡൻ വിസയുടെ വിപുലീകരണം, അഞ്ചുവർഷത്തെ ഗ്രീൻ റസിഡൻസി, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷക എൻട്രി പെർമിറ്റുകൾ എന്നിവയിലുള്ള സമഗ്രമായ മാറ്റമാണ് യുഎഇ നടപ്പാക്കാൻ പോകുന്നത്. യുഎഇയിലെ താമസക്കാർക്കും, ജോലി എടുക്കുന്നവർക്കും, സന്ദർശകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും വിസ നിയമത്തിലുള്ള ഈ പരിഷ്കരണം.

ഏപ്രിൽ മാസത്തിൽ യുഎഇ മന്ത്രിസഭ എടുത്ത തീരുമാനമാണ് സെപ്റ്റംബറിൽ പ്രാബല്യത്തിലാകുന്നത്. അഞ്ചുവർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് സ്പോൺസറുടെ ആവശ്യമില്ല. 4000 ഡോളർ അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. നിക്ഷേപകർക്കും സംരംഭങ്ങൾക്കും നൽകുന്ന ബിസിനസ് വിസക്കും സ്പോൺസറുടെ ആവശ്യമില്ല. ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മറ്റൊരു തൊഴിൽ കൂടി എടുക്കുന്നതിന് താൽക്കാലിക തൊഴിൽ വിസ സമ്പ്രദായവും പ്രാബല്യത്തിൽ വരുകയാണ്. ഇതിനായി നിലവിൽ ജോലിചെയ്യുന്ന തൊഴിലുടമയിൽ നിന്ന് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

പഠന പരിശീലനം, വിവിധ കോഴ്സുകൾ, ഇന്റൻഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ ചേരുന്നവർക്ക് വിദ്യാഭ്യാസ വിസയും നടപ്പിലാക്കുന്നു. പൊതു സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വിസ സ്പോൺസർ ചെയ്യാവുന്നതാണ്.

യുഎഇയിലെ തൊഴിലവസരങ്ങൾ അടുത്തറിയുന്നതിന് തൊഴിൽ വിസ സമ്പ്രദായവും നടപ്പിലാക്കുന്നു.ഇതിന് ഒരു സ്പോൺസറുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കും അതിന് തത്തുല്യമായ ബിരുദം ഉള്ളവർക്കുമാണ് ഈ വിസ അനുവദിക്കുന്നത്. വിദഗ്ധരായ തൊഴിലാളികൾ, ഫ്രീലാൻസ്മാർ എന്നിവരുടെ തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനായി ഗ്രീൻ വിസ സമ്പ്രദായവും നടപ്പിലാക്കുന്നു. കുറഞ്ഞത് 20 ലക്ഷം ദിർഹം നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നവർക്കായി റിയൽ എസ്റ്റേറ്റ് വിസകളും പ്രാബല്യത്തിൽ വരുന്നു. ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ് എന്നിവയിൽ ഗവേഷണ ബിരുദം ഉള്ളവർക്കും എമിറേറ്റ്സ് സയൻസ് കൗൺസിലിൽ നിന്നുള്ള ശുപാർശ ഉള്ളവർക്കും ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഉള്ള വിസക്ക് അപേക്ഷ നൽകാം. കല, സംസ്കാരം, ഡിജിറ്റൽ ടെക്നോളജി, സ്പോർട്സ്, ഇന്നവേഷൻ, ആരോഗ്യം, നിയമം എന്നീ മേഖലയിൽ അസാധാരണ കഴിവുള്ളവർക്കും ഗോൾഡൻ വിസ നൽകുന്നു. പ്രതിഭ തെളിയിച്ച വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നുണ്ട്.

Advertisement