പ്രതികൂല കാലാവസ്ഥ ദുബായിൽ വിമാനങ്ങൾ വൈകും , 27 സർവീസുകൾ റദ്ദാക്കി

Advertisement

ദുബായ് : പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങൾക്ക് ഇന്നും കാലതാമസം നേരിട്ടേയ്ക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു . യാത്രക്കാർ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുൻപ് എയർലൈൻസ് ഒാഫീസുമായി ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു . ദുബായിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്നും പൊടി നിറഞ്ഞ കാലാവസ്ഥ റിപോർട്ട് ചെയ്യപ്പെട്ടു .

പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയും കുറഞ്ഞിട്ടുണ്ട് . പ്രതികൂല കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി ഫ്ലൈ ദുബായ് അറിയിച്ചു . ഇന്ന് ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവീസുകളിൽ തടസ്സങ്ങൾ ഉണ്ടായേക്കാമെന്ന് എമിറേറ്റ്സും പറഞ്ഞു . വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് അവരുടെ ട്രാവൽ ഏജന്റുമായി ബന്ധപ്പെടാം . അല്ലെങ്കിൽ ഹൈദുബായ് വെബ്സൈറ്റിലെ ‘ മാനേജ് ബുക്കിങ് ‘ വിഭാഗം സന്ദർശിക്കാം . മറ്റൊരു വിമാനത്തിൽ റീ ബുക്ക് ചെയ്യാനോ റീഫണ്ട് ക്രമീകരിക്കാനോ വെബ്സൈറ്റ് സന്ദർശിക്കുക .


യാത്രക്കാരുടെ എണ്ണത്തിൽ യുഎഇയിലെ ഏറ്റവും വലിയ വിമാനത്താവളമായ ദുബായിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് വെയർ റിപ്പോർട്ട് ചെയ്യുന്നു . ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുതൽ 5 വിമാനങ്ങൾ റദ്ദാക്കി . ഇന്നലെ ദുബായിലേയ്ക്ക് പോകേണ്ട ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴിതിരിച്ചുവിട്ടു .

Advertisement