അബുദാബി: യുഎഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യൽ മീഡിയ ഹാന്റിലുകളും ഇ-മെയിൽ വിലാസങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇവയ്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്.
@embassy_help എന്ന ട്വിറ്റർ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയിൽ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകൾ വാഗ്ദാനം ചെയ്‍ത് പ്രവാസികളിൽ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ ചെയ്യുന്നത്. ഇത്തരം ട്വിറ്റർ ഹാന്റിലുമായോ ഇ-മെയിൽ വിലാസുമായോ ഇന്ത്യൻ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
എംബസിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളും, ട്വിറ്റർ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോൺ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളിൽ നിന്നുള്ള സന്ദേശങ്ങൾ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ ഇ-മെയിൽ വിലാസങ്ങൾ @mea.gov.in എന്ന ഡൊമൈനിലായിരിക്കും അവസാനിക്കുക.
@IndembAbuDhabi എന്നത് മാത്രമാണ് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ. എംബസിയുടെയോ അതിന്റെ ജീവക്കാരുടെയോ പേരിൽ പ്രവാസികൾക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.