സൗദിയിൽ വാഹനാപകടത്തിൽ സഹോദരൻമാരായ മലയാളികൾ മരിച്ചു

Advertisement


റിയാദ്: സൗദിയിലെ ജിസാനിൽ സഹോദരന്മാരായ രണ്ട് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു.

ജിസാനിനടുത്ത ബൈശിൽ നടന്ന വാഹനാപകടത്തിലാണ് മലയാളികൾ മരണമടഞ്ഞത്. മലപ്പുറം വേങ്ങര ചേറൂർ വെട്ടുതൊട് സ്വദേശികളായ കാപ്പിൽ ജബ്ബാർ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരന്മാരാണ്.

കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും. ജിദ്ദയിൽ നിന്നു കച്ചവടാവശ്യത്തിന് സ്വന്തം വാഹനത്തിൽ ജിസാൻ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ അപകടം ഉണ്ടായത്. ജിദ്ദയിൽ നിന്നും പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾ ജിസാനിൽ കൊണ്ടുപോയി വിൽക്കുന്ന കച്ചവടക്കാരായിരുന്നു ഇരുവരും. അപകടത്തിൽപ്പെട്ട ജബ്ബാറിനെയും റഫീഖിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈഷ് ജനറൽ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കൾ ജിദ്ദയിൽ നിന്നും ജിസാനിൽ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരും ബന്ധുക്കളുമെല്ലാം ആശുപത്രിയിൽ ഉണ്ട്.