കാമുകിയെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങൾ പകർത്തി; യുഎഇയിൽ പ്രവാസി യുവാവിന് ശിക്ഷ
ദുബായ്: കാമുകിയെ ഉപദ്രവിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത പ്രവാസി യുവാവിന് യുഎഇയിൽ മൂന്ന് വർഷം ജയിൽ ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മേയിൽ നടന്ന സംഭവത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്.
യുവതിയെ തടഞ്ഞുവെച്ച് കവർച്ച നടത്തുകയും ഉപദ്രവിക്കുകയും യുവതിയുടെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ. സംഭവം നടന്ന ദിവസം രാവിലെ യുവാവ് കാമുകിയെ ഫോണിൽ വിളിച്ച് അൽ ഖൂസിലെ ഒരു കൊമേഴ്സ്യൽ സെന്ററിൽ സമീപമുള്ള റുമൈല സ്ക്വയറിൽ എത്താൻ അപേക്ഷിക്കുകയായിരുന്നു.
യുവാവിന് എന്തോ പ്രശ്നമുണ്ടെന്നും തന്റെ സഹായം ആവശ്യമുണ്ടെന്നും വിചാരിച്ചാണ് പോയതെന്ന് യുവതി പറഞ്ഞു. എന്നാൽ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാൾ കാമുകിയെ കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മാന്യമല്ലാത്ത ചില പ്രവൃത്തികൾ ചെയ്യാൻ യുവാവ് നിർബന്ധിച്ചെങ്കിലും വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ അശ്ലീല ചിത്രങ്ങൾ പകർത്തി.
ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ യുവതി അപേക്ഷിച്ചെങ്കിലും പ്രതി ചെവിക്കൊണ്ടില്ല. ഭാവിയിൽ താൻ വിളിക്കുമ്പോൾ വന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഭയന്നു വിറച്ച നിലയിലാണ് യുവതിയെ കണ്ടതെന്ന് സ്ഥലത്ത് ആദ്യമായെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി.
അന്വേഷണം നടത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കാമുകിയെ കത്തി കാണിട്ട് ഭീഷണിപ്പെടുത്തിയെന്നും അവരുടെ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്തിയെന്നും ഇയാൾ മൊഴി നൽകി. വിചാരണ നടപടികൾ പൂർത്തിയാക്കിയ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.