അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും യുഎഇയിൽ പെരുമാറ്റച്ചട്ടം

Advertisement

മനാമ: അധ്യാപകർക്കും സ്കൂൾ ഉൾപ്പെടെ വിദ്യഭ്യാസ മേഖലയിലെ മറ്റു ജീവനക്കാർക്കുമായി യുഎഇ പെരുമാറ്റച്ചട്ടം തയ്യാറാക്കി.

പത്തു നിർദ്ദേശങ്ങൾ അടങ്ങിയ പെരുമാറ്റച്ചട്ടം മതത്തിലും വംശത്തിലും സംസ്കാരത്തിലും സഹിഷ്ണുത വളര്ത്താനും വൈവിധ്യത്തെ അംഗീകരിക്കാനും ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, അവഗണന, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അക്രമം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകാനും നിർദ്ദേശിക്കുന്നു.

തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക, ഏത് സാഹചര്യത്തിലും വിദ്യാര്ത്ഥികൾക്കെതിരെ വാക്കാലോ ശാരീരികമോ ആയ അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, ജീവനക്കാർ മാതാപിതാക്കളോടും സമൂഹത്തോടും ഇടപെടുന്നതിൽ നല്ല പെരുമാറ്റം പ്രകടിപ്പിക്കുക എന്നിവ പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ അവരുടെ സഹപ്രവർത്തകർക്കും വിദ്യാഭ്യാസ സ്ഥാപനത്തിനും എതിരെ പെരുമാറ്റത്തിലോ വാക്കാലോ കുറ്റകൃത്യങ്ങൾ ചെയ്യരുത്. പൊതുവിദ്യാഭ്യാസ മേഖലയിലെ തൊഴിലാളികൾ ജോലിസ്ഥലത്ത് പുകവലി ഉൾപ്പെടെയുള്ള ഏതെങ്കിലും അനധികൃത വസ്തുക്കൾ ഉപയോഗിക്കുകയോ കൈവശം വക്കുകയോ പാടില്ല.

സാമൂഹികമായി അസ്വീകാര്യമായ പെരുമാറ്റങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ലിംഗ സ്വത്വം, സ്വവർ​ഗരതി അല്ലെങ്കിൽ യുഎഇയുടെ സമൂഹത്തിന് അസ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും പെരുമാറ്റം എന്നിവ ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനില്ക്കണം. ഈ മേഖലയിലെ എല്ലാ തൊഴിലാളികളും ഉചിതമായതും വെളിപ്പെടുത്താത്തതുമായ വസ്ത്രങ്ങൾ ധരിക്കണം എന്നും പെരുമാറ്റച്ചട്ടം നിർദേശിക്കുന്നു.

യുഎഇയിലെ വിദ്യാഭ്യാസ അന്തരീക്ഷത്തില് മികച്ച ധാര്മ്മിക നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള സ്ഥാപന സംസ്കാരം കെട്ടിപ്പടുക്കുക്കുകയാണ് പെരുമാറ്റചട്ടം ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ അഹമ്മദ് ബെല്ഹൂല് അല് ഫലാസി ട്വീറ്റ് ചെയ്തു. യുഎഇ സംസ്കാരത്തിനും ഇസ്ലാമിനോടുമുള്ള ബഹുമാനത്തിനും ചട്ടം ഊന്നൽ നല്കുന്നു.