പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി

Advertisement

റിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽനിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വിഷയത്തിൽ മനുഷ്യത്വം കരുതി ഇടപെട്ട അദ്ദേഹം ശിരസിലേറ്റിയത് വലിയ സാമ്പത്തിക ഭാരം തന്നെയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയതിനെ തുടർന്ന് വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ട പ്രതികൾക്കോ അവരുടെ കുടുംബങ്ങൾക്കോ ‘ദിയാ ധന’മായി നിശ്ചയിച്ച വൻതുക നൽകാൻ ശേഷിയില്ലെന്നായപ്പോൾ അത് കണ്ടെത്തി നൽകേണ്ട ഭാരം അദ്ദേഹത്തിന്റെ ചുമലിലാവുകയായിരുന്നു.

2008 ഒക്ടോബർ 18-ന് കൊല്ലം പള്ളിമുക്ക് സ്വദേശി നൗഷാദ് സൗദി അറേബ്യയിൽ കൊല്ലപ്പെട്ട കേസിലാണ് കൊല്ലം ജില്ലക്കാർ തന്നെയായ സുധീർ മുസ്തഫ, മൻസൂർ സൈനുൽ ആബിദീൻ, മുഹമ്മദ് റഫീഖ് എന്നിവർ പ്രതികളായത്. സൗദി ശരീഅ കോടതി ഇവർക്കെതിരെ വധശിക്ഷ വിധിച്ചു. തുടർന്ന് റിയാദിലെ അൽഹൈർ ജയിലിൽ ശിക്ഷ കാത്തുകഴിയുകയായിരുന്നു പ്രതികൾ. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പ്രതികളുടെ കുടുംബങ്ങൾ നേരിൽ കണ്ട് വധശിക്ഷ ഒഴിവായിക്കിട്ടാനുള്ള ഇടപെടലിന് സഹായം തേടി.

പ്രതികളിലൊരാളുടെ സുഹൃത്തായ കൊല്ലം പള്ളിമുക്ക് സ്വദേശി ഉനൈസ്, റിയാദിലെ സാമൂഹികപ്രവർത്തകനും പ്രവാസി സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യൻ എംബസിയെ സമീപിച്ചു. ശിഹാബിന്റെ നിർദേശപ്രകാരം കുടുംബങ്ങൾ പലതവണ മുഖ്യമന്ത്രിയെ കണ്ടു. മാപ്പ് ലഭിക്കുകയാണെങ്കിൽ ബ്ലഡ് മണി നൽകാമെന്ന് സമ്മതിച്ച് കുടുംബങ്ങൾ ഇന്ത്യൻ എംബസിക്ക് കത്തയക്കുകയും ചെയ്തു. കുടുംബങ്ങളുടെ കണ്ണീര് കണ്ട് മനസലിഞ്ഞ ഉമ്മൻ ചാണ്ടി ശ്രമം ഊർജിതമാക്കി.

കൊല്ലപ്പെട്ട നൗഷാദിന്റെ കുടുംബം മാപ്പ് നൽകിയാൽ കോടതി വധശിക്ഷയിൽ ഒഴിവാക്കുമെന്ന് അറിഞ്ഞതിനാൽ വർക്കല സ്വദേശി ഷഹീർ എന്ന അഭിഭാഷകൻ വഴി അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അതിനുള്ള ശ്രമവും നടത്തി. 50 ലക്ഷം ബ്ലഡ് മണി നൽകിയാൽ ഭാര്യയും മക്കളും മാപ്പ് നൽകാമെന്ന് സമ്മതിച്ചു. അതിനുള്ള സമ്മതപത്രം റിയാദിലെത്തുകയും ഇന്ത്യൻ എംബസി വഴി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കുടുംബം മാപ്പ് നൽകിയതോടെ കോടതി വധശിക്ഷ ഒഴിവാക്കി.

എന്നാൽ പൊതുഅന്യായ നിയമ പ്രകാരം ഒമ്പതുവർഷത്തെ തടവുശിക്ഷ പ്രതികൾക്കുണ്ടായിരുന്നു. അത് പൂർത്തിയായപ്പോൾ മൂവരേയും ജയിൽ മോചിതരാക്കി നാട്ടിലേക്ക് കയറ്റിവിട്ടു. ഇതിനിടയിൽ വർഷങ്ങൾ പലത് കടന്നുപോയി. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലാവധി കഴിയുകയും ചെയ്തു. സമ്മതപത്രം ഇന്ത്യൻ എംബസി കോടതിയിൽ അന്ന് ഹാജരാക്കിയിരുന്നെങ്കിലും കുടുംബം ബ്ലഡ് മണി സ്വീകരിച്ചതായുള്ള രേഖ എത്താഞ്ഞതിനാൽ റിയാദിലെ കോടതിയിൽ കേസ് നടപടികൾ അവസാനിച്ചിരുന്നില്ല.

മൂന്ന് പ്രതികളുടെ കുടുംബങ്ങൾ 10 ലക്ഷം വീതം ആകെ 30 ലക്ഷം നൽകാമെന്നാണ് ആദ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നത്. എന്നാൽ അതിനുള്ള ശേഷിയും തങ്ങൾക്കില്ലെന്ന് ഇവർ അദ്ദേഹത്തെ പിന്നീട് അറിയിച്ചു. നാട്ടിലെത്തിയശേഷം പ്രതികളിലൊരാളായ റഫീഖ് കൊവിഡ് ബാധിച്ച് മരിച്ചുപോവുകയും ചെയ്തു. ഉമ്മൻ ചാണ്ടി സ്വന്തം കീശയിൽനിന്നെടുത്തും അടുപ്പമുള്ളവരോട് സഹായം തേടിയുമാണ് പണം കണ്ടെത്തിയത്. അങ്ങനെ സ്വരൂക്കൂട്ടിയ പണം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് രണ്ടുഘട്ടമായാണ് കൊടുത്തുതീർത്തത്. അതോടെ റിയാദ് കോടതിയിലെ കേസ് നടപടികൾക്ക് അവസാനമായി.