​ഗൾഫ് കറൻസികളുടെ മൂല്യത്തിൽ വൻ വർദ്ധന; നേട്ടമുണ്ടാക്കി പ്രവാസികൾ

Advertisement

അബുദാബി: ഇന്ത്യൻ രൂപ സർവ്വകാല തകർച്ച. ഇന്ത്യൻ നേരിടുമ്പോൾ ഇത് നേട്ടമാക്കുകയാണ് ഒരു കൂട്ടർ. മറ്റാരുമല്ല നമ്മുടെ നാട്ടിൽ നിന്ന് അന്യനാടുകളിലേക്ക് ചേക്കേറിയിട്ടുള്ള പ്രവാസികൾക്കാണ് ഇന്ത്യൻ രൂപയുടെ ഇടിവ് കരുത്താകുന്നത്.

രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. ഇന്ത്യൻ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികൾ.

ചരിത്രത്തിൽ ആദ്യമായി ഖത്തർ റിയാലും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാർച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ഇത് 21ലേക്കെത്തി. ഗൾഫ് കറൻസികളുടെ എല്ലാം വിനിമയ മൂല്യം ഉയർന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്തോടെ ആണ് ഗൾഫ് കറൻസികളുടെ മൂല്യം വർധിച്ചത്.

ഒരു യുഎഇ ദിർഹത്തിന് 22 രൂപ എന്ന തലത്തിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാഴാഴ്ച രാവിലെ യുഎഇ ദിർഹത്തിന് 21.92 രൂപ വരെ ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്‌സ് എൻ ബി ഡി വഴി പണം അയച്ചവർക്ക് 21.86 രൂപ വരെ ലഭിച്ചു. ഒരു സൗദി റിയാലിന് 21.49 രൂപ. ഖത്തർ റിയാൽ 22.41 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 214.52. കുവൈത്ത് ദിനാറിന്റെ മൂല്യം 261 രൂപക്ക് മുകളിൽ എത്തി. ഒമാൻ റിയാൽ മൂല്യം 210 രൂപ കടന്നു.

ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്കേറി. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ. വായ്‍പകൾ അടച്ചുതീർക്കാനുള്ളവർക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവർക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്.