ദുബായ്: യു.എ.ഇയിൽ സ്വർണവിലയിൽ വൻ ഇടിവ്. 10 ദിവസത്തിനിടെ പവന് 40 ദിർഹമിലേറെയാണ് ഇടിഞ്ഞത്.
രണ്ടു വർഷത്തിനിടെ പവന് 400 ദിർഹമിലേറെ കുറഞ്ഞു. ഇന്ത്യയിലെ വിലയുമായി വൻ അന്തരം രൂപപ്പെട്ടതോടെ സ്വർണം വാങ്ങുന്ന പ്രവാസികളുടെ എണ്ണവും കൂടി. ചൊവ്വാഴ്ചയും ഗ്രാമിന് ഒന്നര ദിർഹമിൻറെ കുറവുണ്ടായി. സെപ്റ്റംബർ 18ന് 190.75 ദിർഹമായിരുന്നു ഒരുഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വിലയെങ്കിൽ ചൊവ്വാഴ്ച 185.75 ദിർഹമായി നിരക്ക്. കേരളത്തിൽ സ്വർണ വില പവന് 36,640 രൂപയാണ് ഇന്നത്തെ വില. രൂപയുടെ മൂല്യം ഇടിഞ്ഞതുമായി താരതമ്യം ചെയ്താൽപോലും യു.എ.ഇയിൽ 32,700 രൂപ നൽകിയാൽ ഒരു പവൻ സ്വർണം ലഭിക്കും. നാട്ടിലെ വിലയേക്കാൾ 4000 രൂപയോളം കുറവാണ് യു.എ.ഇയിൽ. കോവിഡ് രൂക്ഷമായ 2020 മാർച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 22.04 ആണ് ഒരുദിർഹമിന്റെ ഇന്നത്തെ നിരക്ക്.
2020ൽ 235 ദിർഹം വരെയായിരുന്നു സ്വർണവില എത്തിയത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 50 ദിർഹമാണ് കുറവുണ്ടായത്. യു.എസ് ഫെഡറൽ പലിശനിരക്ക് 0.75 ശതമാനം വർധിപ്പിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. എന്നാൽ, വിപണി സ്ഥിരത കൈവരിക്കുമ്പോൾ വില വീണ്ടും ഉയരുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണം വർധിച്ചു.
എന്നാൽ, ഈ സമയം സ്വർണത്തിൽ നിക്ഷേപിക്കുന്നത് കൂടുതൽ ലാഭമാകുമെന്ന് കരുതുന്നവരേറെയാണ്. മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് ഉൾപ്പെടെ പ്രമുഖ ജ്വല്ലറികൾ 10 ശതമാനം മുൻകൂർ തുക നൽകി സ്വർണം ബുക്ക് ചെയ്യാനുള്ള ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ചെറിയ തുക നൽകി ഈ ആനുകൂല്യവും ഉപയോഗപ്പെടുത്തുന്നുണ്ട്.