ദോഹ: ഇറക്കുമതി ചെയ്‍ത ഇന്ത്യൻ ചെമ്മീൻ ഉപയോഗിക്കരുതെന്ന നിർദേശവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ശീതീകരിച്ചതും അല്ലാത്തതുമായ ഇന്ത്യൻ ചെമ്മീൻ ഉപയോഗിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്‍ത മത്സ്യങ്ങളിൽ ചിലത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അണുബാധ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യൽ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്.
അണുബാധ കണ്ടെത്തിയ ഇന്ത്യൻ ചെമ്മീൻ വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ഇപ്പോൾ നടപടികൾ സ്വീകരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഫ്രഷ് അല്ലങ്കിൽ ഫോസൻ ഇന്ത്യൻ ചെമ്മീൻ വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾ അവ ഉപയോഗിക്കരുതെന്നും വാങ്ങിയ വ്യാപാര സ്ഥാപനത്തിൽ തന്നെ അവ തിരിച്ചേൽപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ചെമ്മീൻ ഇതിനോടകം തന്നെ വാങ്ങി ഉപയോഗിച്ചവർക്ക് ഭക്ഷ്യ അണുബാധ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഏറ്റവും അടുത്തുള്ള ഹെൽത്ത് സെന്ററിൽ എത്തണമെന്നും നിർദേശത്തിലുണ്ട്.