അബുദാബി: മരുന്നും ഭക്ഷണവും അത്യാവശ്യ രേഖകളും വീട്ടിലെത്തിക്കാൻ അബുദാബിയിൽ ഡ്രോൺ സർവീസ്. പരീക്ഷണാർഥം ചില പ്രദേശങ്ങളിൽ ഹ്രസ്വദൂര സേവനമാണ് ഇപ്പോൾ നടത്തുക. പിന്നീട് കൂടുതൽ മേഖലകളിലേക്കു ഡ്രോൺ സേവനം വ്യാപിപ്പിക്കും.
എഡി പോർട്ട് ഗ്രൂപ്പ്, എമിറേറ്റ്സ് പോസ്റ്റ്, സ്കൈഗോ എന്നിവയുടെ ഡിജിറ്റൽ വിഭാഗമായ മക്ത ഗേറ്റ്‌വേയുടെ പാഴ്സലുകളും രേഖകളും ദൂരദിക്കുകളിലേക്കു കൊണ്ടുപോകാനും ഡ്രോണുകളുടെ സഹായം തേടും.ഓൺലൈൻ ട്രാക്കിങിലൂടെ ഡ്രോണിന്റെ സഞ്ചാരപാതയും വേഗവും നിരീക്ഷിക്കും.
2023ൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കാനാണ് പദ്ധതി. വേഗത്തിൽ സാധനങ്ങൾ എത്തിക്കാനുള്ള ഏറ്റവും ലളിതമായ മാർഗത്തിനു കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബുദാബി പോർട്ട് ഗ്രൂപ്പിലെ ഡിജിറ്റൽ ക്ലസ്റ്റർ ചീഫ് എക്സിക്യൂട്ടീവ് നൂറ അൽ ദാഹിരി പറഞ്ഞു.
അഗ്നിശമനം, കാലാവസ്ഥ നിരീക്ഷണം, സർവേ നടത്തൽ, വിത്ത് നടീൽ തുടങ്ങിയ ജോലികളിൽ ഇതിനകം ഡ്രോൺ സേവനം ഉപയോഗപ്പെടുത്തി വരുന്നു.