ദുബായ്: എക്സ്പോ സിറ്റിയെ വലം വെക്കുന്ന ‘റേസ് മി നൈറ്റ് റൺ’ സീരിസിന് ചൊവ്വാഴ്ച തുടക്കമാകും. ദുബായ് എക്സ്പോ 2020 സമാപിച്ച ശേഷം നഗരിയിൽ നടക്കുന്ന ആദ്യ റേസാണിത്.
അടുത്ത വർഷം മാർച്ച് വരെ നീളുന്ന 10 റേസുകളിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച നടക്കുന്നത്. ഏത് പ്രായത്തിലുമുള്ളവർക്ക് പങ്കെടുക്കാം.മഹാമേളക്കുശേഷം എക്സ്പോ സിറ്റിയായി മാറിയ മേളനഗരിയുടെ സൗന്ദര്യം വീണ്ടും ആസ്വദിക്കാനുള്ള അവസരംകൂടിയാണ് ‘റേസ് മി നൈറ്റ് റൺ’ ഒരുക്കുന്നത്.
നവംബർ 22, ഡിസംബർ ആറ്, ജനുവരി 10, ഫെബ്രുവരി ഏഴ്, ഫെബ്രുവരി 21, മാർച്ച് ഏഴ്, മാർച്ച് 21 എന്നീ ദിവസങ്ങളിലായിരിക്കും തുടർന്നുള്ള റേസുകൾ നടക്കുക. ഒരു തവണ റേസിൽ പങ്കെടുക്കുന്നതിന് 65 ദിർഹമാണ് ഫീസ്. 10 റേസുകൾ അടങ്ങിയ പരമ്പരയിൽ ഒരുമിച്ച് രജിസ്റ്റർ ചെയ്താൽ 550 ദിർഹം നൽകിയാൽ മതി. രാത്രി 7.30 മുതൽ 8.45 വരെയാണ് ഓട്ടം. 2.5, 5 കിലോമീറ്ററാണ് റേസ്. മത്സരത്തിന് 30 മിനിറ്റ് മുമ്പ് എക്സ്പോയിൽ എത്തണം. എക്സ്പോ 2020യുടെ ഉസൈൻ ബോൾട്ട് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റേസ് നടന്നിരുന്നു. മൂന്നു തവണ എക്സ്പോ റണ്ണും ഇവിടെ നടന്നു. raceme.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.