ദോഹ∙ഫിഫ ലോകകപ്പിനിടെ ഖത്തറിന്റെ വിമാനത്താവളങ്ങളിൽ ഒരു മണിക്കൂറിൽ എത്തിച്ചേരുക ഏകദേശം 5,700 യാത്രക്കാർ. വിമാനത്താവളങ്ങളുടെ അറൈവൽ-ഡിപ്പാർച്ചർ ടെർമിനലുകളുടെ സീനിയർ മാനേജർ സലേഹ് അൽ നിസ്ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാണ്.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറിൽ 3,700 യാത്രക്കാർ എത്തും. യാത്രക്കാർക്ക് നഗരത്തിലേക്ക് ബസുകൾ, ടാക്‌സികൾ, ദോഹ മെട്രോ തുടങ്ങി ഒട്ടേറെ യാത്രാ മാർഗങ്ങളുണ്ട്. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറിൽ 2,000 യാത്രക്കാർ വരെ എത്തും. ഇവിടെയും ഷട്ടിൽ ബസ് സർവീസുകൾക്ക് പുറമെ യൂബർ-കരീം ടാക്‌സികളും തൊട്ടടുത്ത് ദോഹ മെട്രോയുമുണ്ട്.
വിമാനത്താവളത്തിൽ നിന്ന് മെട്രോ സ്‌റ്റേഷനിലേക്ക് ഷട്ടിൽ ബസുകളും നടപ്പാതയുമുണ്ട്. ലോകകപ്പ് സമയത്ത് രണ്ട് വിമാനത്താവളങ്ങളിലുമായി പ്രതിദിനം 16,000ത്തിലധികം കാണികൾ എത്തുമെന്ന് നേരത്തേ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ വ്യക്തമാക്കിയിരുന്നു.