റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നവംബർ പകുതിയോടെ ഇന്തോനീഷ്യയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ 14നു ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വരുന്നത് എന്നാണ് റിപ്പോർട്ട്. ഇന്തോനീഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തുന്ന മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നവംബർ 15, 16 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. മോദിയും ഈ സമ്മേളനത്തിനുണ്ടാകും.
ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ നേരത്തെ ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയിൽ യുക്രെയ്‌നിലെ റഷ്യൻ യുദ്ധവും, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ ഊർജ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യുമെന്നാണ് സൂചന.