മത്ര: വിമാനത്താവളങ്ങളിൽ ലഗേജുകൾ മാറിയെടുക്കുന്നത് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്നുവന്ന വിമാനത്തിൽ മസ്കത്തിലിറങ്ങിയവരുടെ ലഗേജുകൾ മാറിപ്പോയത് ഏറെ പ്രയാസങ്ങളുണ്ടാക്കി.
വാദികബീറിലുള്ള ആളുടെ ലഗേജ് ബുആലിയിലേക്കാണ് മാറിയെടുത്തു പോയത്. വാട്സ്ആപ് ഗ്രൂപ്പുകളിലെ അന്വേഷണങ്ങൾക്കൊടുവിലാണ് യഥാർഥ ഉടമക്ക് ലഗേജ് കിട്ടിയത്. അപ്പോഴേക്കും നാട്ടിൽനിന്ന് കൊണ്ടുവന്ന ഭക്ഷണസാധനങ്ങളൊക്കെ കേടായതായി അനുഭവസ്ഥൻ പറഞ്ഞു.
വിമാനം കയറിയാൽ ഇറങ്ങാനും, ലഗേജ് എടുത്ത് വേഗം സ്ഥലം വിടാനുമുള്ള മലയാളികളുടെ ധൃതി ഏറെ ‘പ്രശസ്ത’മാണ്. വിമാനം ലാൻഡ് ചെയ്യുന്നതിനു മുമ്പേ ചാടിയെഴുന്നേൽക്കുന്ന പ്രകൃതംമൂലം അപകടം ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും വിമാനത്തിൽനിന്നും ലഭിക്കാറുള്ളതാണ്.
എയർപോർട്ടിലിറങ്ങിയ ശേഷം ലഗേജുകൾ മാറിയെടുത്ത് പോകുന്നതും പതിവായിട്ടുണ്ട്. ലഗേജുകളുടെ ഉടമസ്ഥർ മാറിപ്പോവുകയും യഥാർഥ ഉടമയെ കണ്ടെത്താനാവാതെ വരുകയും ചെയ്താൽ രേഖകളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമൊക്കെ ഉപയോഗശൂന്യമായിപ്പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.