ദുബായ്. മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാമതാണ് യുഎഇ. ഗുണമേന്മയില്‍ യുഎഇക്ക് മൂന്നാം സ്ഥാനവുമുണ്ട്. യഥേഷ്ടം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടെങ്കിലും ദുരുപയോഗം ചെയ്യരുത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പാലിക്കേണ്ട ചട്ടം യുഎഇയില്‍ ശക്തമാണ്. ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.
പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കുന്നത് കൂടുതലും ഇന്റര്‍നെറ്റ് കോള്‍ വഴിയാണ്. എന്നാല്‍ എല്ലാ ആപ്പുകളും ഇതിന് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കില്ല. ഏതെല്ലാം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ പിടിവീഴും. എന്നുമാത്രമല്ല, പിഴയൊടുക്കാന്‍ ചിലപ്പോള്‍ ആയുഷ്‌ക്കാല സമ്പാദ്യംപോലും തികയാതെവരും. ഈ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇതുവരെ അറിയാത്ത പ്രവാസികളും നിരവധിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ
ഇന്റര്‍നെറ്റ് കോള്‍ ചെയ്യുന്നതിന് യുഎഇയില്‍ തടസമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ചില ചട്ടങ്ങളുണ്ട്. ഇത് ലംഘിക്കുന്നത് കുറ്റകരമാണെന്ന് ടെലികോം അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ അനുവദിക്കാത്ത ആപ്പുകള്‍ ഉപയോഗിച്ച് നാട്ടിലേക്ക് ഇന്റര്‍നെറ്റ് കോള്‍ ചെയ്താല്‍ നടപടിയുണ്ടാകും. ഇത്തരം കോള്‍ തടയേണ്ടത് സര്‍വീസ് അനുവദിക്കുന്ന കമ്പനികള്‍ കൂടിയാണെന്ന് അതോറിറ്റി ഓര്‍മിപ്പിക്കുന്നു.
യുഎഇ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കോളിന് 17 വോയ്പ് ആപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. അതു മാത്രമേ ഇന്റര്‍നെറ്റ് കോളിന് ഉപയോഗിക്കാന്‍ പാടുള്ളൂ. ചിലര്‍ നിയമവിരുദ്ധമായ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിച്ച് കോള്‍ ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകള്‍ തടയണമെന്ന് ഇത്തിസലാത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ച് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
യുഎഇയില്‍ താമസിക്കുന്നവരില്‍ 80 ശതമാനത്തിലധികം പ്രവാസികളാണ്. ഇതില്‍ വലിയൊരു ഭാഗം ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ടുതന്നെ യുഎഇ സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. പ്രവാസി മലയാളികള്‍ നേരത്തെ കൂടുതല്‍ ആശ്രയിച്ചിരുന്ന വാട്സാപ്പ് കോള്‍ യുഎഇയില്‍ ഇപ്പോള്‍ അനുവദനീയമല്ല.
യുഎഇ സര്‍ക്കാര്‍ അനുവദിച്ച 17 ആപ്പുകള്‍ ഇവയാണ്- മൈക്രോസോഫ്റ്റ് ടീംസ്. സ്‌കൈപ്പ് ഫോര്‍ ബിസിനസ്, സൂം, ബ്ലാക്ക്ബോര്‍ഡ്, ഗൂഗിള്‍ ഹൗങ്ഔട്ട് മീറ്റ്, സിസ്‌കോ വെബെക്സ്, അവായ സ്പൈസസ്, ബ്ലൂജീന്‍സ്, സ്ലാക്, ബോട്ടിം, സി മി, ഹിയു മെസ്സെഞ്ചര്‍, വോയ്കോ, ഇത്തിസലാത് ക്ലൗഡ് ടാക്ക് മീറ്റിങ്, മട്രക്സ്, ടുടോക്, കോമറ.
നേരത്തെ വാട്സ് ആപ്പ് വഴി കോള്‍ ചെയ്തിരുന്നു എങ്കിലും നിരോധനം വന്ന പശ്ചാത്തലത്തില്‍ ധാരാളം പേര്‍ ബോട്ടിമിലേക്ക് മാറിയിട്ടുണ്ട്. സ്‌കൈപ്പ്, സൂം എന്നിവ വഴി കോള്‍ ചെയ്യുന്നവരും ഏറെയാണ്. ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്.