ഏത് ചൂടിലും കുളിരോടെ ഓടാനൊരു പാര്‍ക്ക്, ലോകത്തെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് ദോഹയില്‍

Advertisement

ദോഹ: ചൂട് കൊടും ചൂടാവുന്നതോടെ വ്യായാമം നിലക്കും, പ്രത്യേകിച്ചും പൊതുസ്ഥലങ്ങളില്‍, മരുഭൂമിയിലെ ഈ പ്രശ്‌നം പഴങ്കഥയാകുന്നു. ഏത് ചൂടിലും കുളിരോടെ ഓടാനൊരു പാര്‍ക്ക്. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിക്കുകീഴിലെ ഉമ്മു അല്‍ സനീം പാര്‍ക്കിന് ഇപ്പോള്‍ ഗിന്നസ് റെക്കോഡില്‍ ഇടം ലഭിച്ചുകഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് എന്ന റെക്കോഡുമായാണ് ഉമ്മു അല്‍ സനീം പാര്‍ക്ക് ഗിന്നസില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈഇ പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു.

1143 മീറ്റര്‍ ദൂരത്തിലുള്ള ജോഗിങ് ട്രാക്കാണ് ശീതീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔട്ട്‌ഡോര്‍ എയര്‍കണ്ടീഷന്‍ഡ് പാര്‍ക്ക് എന്ന ഗിന്നസ് ബഹുമതി രണ്ടാഴ്ച മുമ്ബ് അധികൃതര്‍ ഏറ്റുവാങ്ങി. ലോകകപ്പിന് മുന്നോടിയായി ഒരുക്കിയ പാര്‍ക്ക് കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. ഏത് കാലാവസ്ഥയിലും ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനും വ്യായാമം ചെയ്യാനുമുള്ള സംവിധാനത്തോടെ ഒരുക്കിയ പാര്‍ക്കില്‍ 26 ഡിഗ്രിയായി അന്തരീക്ഷ താപനില നിലനിര്‍ത്താന്‍ കഴിയും.

പൊതുജനങ്ങളുടെ ആരോഗ്യ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 1.30 ലക്ഷം ചതുരശ്ര മീറ്റര്‍ വിശാലതയില്‍ പാര്‍ക്ക് സജ്ജമാക്കിയതെന്ന് മുനിസിപ്പാലിറ്റി മന്ത്രി പറഞ്ഞു.രാജ്യത്തെ ഹരിത വത്കരണം 2010നേക്കാള്‍ പത്തു മടങ്ങായി സര്‍ക്കാറിന് വര്‍ധിപ്പിക്കാന്‍ കഴിയും. പാര്‍ക്കുകള്‍, റോഡരികുകളിലും മറ്റുമായി മരം വെച്ചുപിടിപ്പിക്കല്‍, ഹരിതവത്കരണം സജീവമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാജ്യത്തെ പച്ചപ്പ് വര്‍ധിപ്പിച്ചത്.

ഫിറ്റ്‌നസ് ഉപകരണങ്ങള്‍, കുട്ടികളുടെ കളിസ്ഥലം, ജോഗിങ് ട്രാക്ക് ഉള്‍പ്പെടെയാണ് പാര്‍ക്ക് തയാറാക്കിയത്. 1.30 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ പ്രതിദിനം 6000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ആകെ പ്രദേശത്തിന്റെ 68 ശതമാനം വരെ ഹരിതവത്കരിച്ചാണ് പാര്‍ക്ക് ആകര്‍ഷകമാക്കിയത്. 18 തരങ്ങളിലായി 912 മരങ്ങള്‍, 820 ചതുശ്ര മീറ്റര്‍ ദൈര്‍ഘ്യത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് തീര്‍ത്ത ഗ്രീന്‍ വാള്‍ എന്നിവയും പാര്‍ക്കിന്റെ സവിശേഷതയാണ്.

1135 മീറ്റര്‍ സൈക്ലിങ് ട്രാക്ക്, വ്യായാമത്തിനായി മൂന്നിടങ്ങളില്‍ ഫിറ്റ്‌നസ് ബോക്‌സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, വിദഗ്ധ പരിശീലനം വീക്ഷിക്കാന്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവയുമുണ്ട്. രണ്ട് മുതല്‍ അഞ്ചുവയസ്സുരെയും ആറ് മുതല്‍ 12 വയസ്സുവരെയുമായി രണ്ട് പ്രായവിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. ഏഴ് സര്‍വിസ് കിയോസ്‌കുകള്‍, ആറ് ഭക്ഷ്യ ബിവറേജ് ഔട്ട്‌ലെറ്റുകള്‍, സൈക്കിള്‍ വാടക കേന്ദ്രം, പാര്‍ക്കിങ്, ഗാര്‍ഡന്‍ ഫര്‍ണിച്ചര്‍ തുടങ്ങി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

2010ല്‍ 56 പാര്‍ക്കുകളായിരുന്നു രാജ്യത്തെങ്കിലും 2022ഓടെ ഇത് 143 ആയി വര്‍ധിച്ചുവെന്ന് പബ്ലിക്ക് പാര്‍ക്‌സ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ ഖൗറി പറഞ്ഞു.രാജ്യത്തെ പച്ചപ്പ് 26.14 ലക്ഷം ചതുരശ്ര മീറ്ററില്‍ നിന്നും 4.38 കോടി ചതുരശ്ര മീറ്ററായി ഉയര്‍ത്താനും കഴിഞ്ഞു.