യുഎഇയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നു, വീഴ്ച വരുത്തിയാൽ പിഴ; മലയാളികളെ ബാധിക്കും

Advertisement

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്കു നിയമനം നൽകേണ്ടത്. ഈ കാറ്റഗറിയിൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും അടക്കം 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ട്. ഈ സ്ഥാപനങ്ങൾ നേരിട്ടു പരിശോധിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്നു മന്ത്രാലയ അധികൃതർ അറിയിച്ചു.

50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം . ഈ വർഷം അവസാനിക്കുന്നതിനു മുൻപ് മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു മന്ത്രാലയം ‘കൗണ്ട് ഡൗൺ ‘ ആരംഭിച്ചു. ജനുവരി 10നു ശേഷം പരിശോധന തുടങ്ങും.

സ്വദേശിവൽക്കരണം യാഥാർഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

നിയമനം നൽകിയ ഒരു സ്വദേശി രാജിവച്ചാൽ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികൾ സ്വീകരിക്കണം. അതുവരെ നാഫിസ് നിയമനാനുകൂല്യം സ്ഥാപനത്തിനു ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വേതനം നൽകുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴിയായിരിക്കണം സ്വദേശികൾക്കും വേതനം നൽകേണ്ടത്. അതിനു സാധിച്ചില്ലെങ്കിൽ രാജ്യം അംഗീകരിച്ച മറ്റു വേതന വിനിമയ സംവിധാനവും കമ്പനികൾക്ക് സ്വീകരിക്കാം. രാജ്യത്തെ ഏതെങ്കിലും ഒരു പെൻഷൻ പദ്ധതിയിൽ റജിസ്റ്റർ ചെയ്യണമെന്നും സ്വദേശികൾക്ക് മന്ത്രാലയം നിർദേശം നൽകി. കാലാവധിയുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണം നോക്കി സ്ഥാപനങ്ങളിലെ സ്വദേശി നിയമനം മനസ്സിലാക്കാനും മന്ത്രാലയത്തിനു സാധിക്കും.

സ്വദേശിവൽക്കരണം നിർബന്ധമാക്കിയതോടെ ജോലിക്ക് ആളെ തേടി നെട്ടോട്ടത്തിലാണ് കമ്പനി ഉടമകൾ. വിവിധ മലയാളി സ്ഥാപനങ്ങളുടെ ഉടമകൾ അവരുടെ സങ്കടം പങ്കുവച്ചു. ജോലി നൽകാൻ തയാറാണെങ്കിലും സ്വദേശികളെ ലഭിക്കുന്നില്ലെന്നാണ് പരാതി. വിവിധ മാധ്യമങ്ങളിലൂടെ പരസ്യം നൽകിയെങ്കിലും ഒരാളുടെ പോലും അപേക്ഷ ലഭിച്ചില്ലെന്നു പരാതിപ്പെടുകയാണ് ഭൂരിപക്ഷം കമ്പനി ഉടമകളും. ആളെ കിട്ടാത്തതിന്റെ പേരിൽ നിയമനം നടത്താതിരുന്നാലും വൻതുക പിഴ ലഭിക്കും. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കമ്പനി ഉടമകൾ. പേരിനെങ്കിലും ഒരാളെ കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് പലരും. ഓഫിസിൽ വന്നില്ലെങ്കിൽ പോലും പരാതിയില്ലെന്നും ഇവർ പറയുന്നു.
അതേസമയംസ്വദേശികളെ നിയമിച്ചതായി കാണിച്ചു തട്ടിപ്പിനു ശ്രമിച്ച കമ്പനി മാനേജരെ അറസ്റ്റ് ചെയ്യാൻ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 40 പേരെ നിയമിച്ചുവെന്നാണ് രേഖയിൽ പറയുന്നത്. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് തൊഴിൽ തട്ടിപ്പ് നടത്തിയ കമ്പനി മാനേജർക്കെതിരെ പരാതി നൽകിയിരുന്നത്.വ്യാജ രേഖകളും തൊഴിൽ കരാറുകളും ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ‘ നാഫിസ് ‘ വഴി നൽകുന്ന സാമ്പത്തിക സഹായം തരപ്പെടുത്താനും പ്രതി ശ്രമിച്ചു. സ്വദേശി ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളിൽ തിരിമറി നടത്തുന്നുണ്ടോ എന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിക്കും. വ്യാജമാണ് നിയമനമെന്നു തെളിഞ്ഞാൽ ഓരോ സ്വദേശി ഉദ്യോഗസ്ഥന്റെയും പേരിൽ ഒരു ലക്ഷം ദിർഹം വീതമാണ് പിഴ ചുമത്തുക. നിയമനവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കോ തൊഴിലുടമകൾക്കോ പൊതുജനങ്ങൾക്കോ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ അറിയിക്കണം.

Advertisement