കരുത്തായി കുവൈത്ത് ദിനാർ; പണമൊഴുക്കുന്നതിൽ മുന്നിൽ ഇന്ത്യ

Advertisement

കുവൈറ്റ്സിറ്റി: ഡോളറും പൗണ്ടും വരെ കുവൈറ്റ് ദിനാറിന്റെ മുന്നിൽ ഒന്നുമല്ല, അത്ര കരുത്താണ് കുവൈത്തിന്റെ കറൻസിയായ കുവൈത്ത് ദിനാറിന്. ഡോളറിനേക്കാൾ മൂന്നിരട്ടി മൂല്യം. 270 രൂപയ്ക്കു മുകളിലാണ് ഡിസംബർ 28ലെ കണക്കനുസരിച്ച് കുവൈത്ത് ദിനാറിന് വില.

അടിക്കടി അതു കൂടുകയും ചെയ്യുന്നു. മൂല്യത്തിൽ റെക്കോർഡുകൾ ഭേദിച്ച് കുതിപ്പിനൊരുങ്ങുമ്പോൾ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി എന്ന കിരീടവും കുവൈത്ത് ദിനാറിനുണ്ട്. 1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990ൽ കുവൈത്തിലേക്ക് ഇറാഖ് കടന്നുകയറിയപ്പോൾ ആ കറൻസി അകാല ചരമമടയുകയും ചെയ്തു. പക്ഷേ, സദ്ദാം ഹുസൈന്റെ ഇറാഖിന്റെ കരുത്തിനെ തോൽപിച്ച്, കുവൈത്ത് തിരിച്ചു വന്നതിനൊപ്പം ദിനാറും ശക്തമായി തിരിച്ചുവന്നു.

കേരളത്തിന്റെ പകുതിയോളം മാത്രം വിസ്തീർണമുള്ള രാജ്യമാണ് കുവൈത്ത്. 44 ലക്ഷത്തിൽ താഴെ മാത്രമാണു ജനസംഖ്യ. അതിൽതന്നെ മൂന്നിലൊന്നു മാത്രമാണ് തദ്ദേശീയർ. ബാക്കിയെല്ലാം പ്രവാസികൾ. വലിയൊരു ശതമാനം ഇന്ത്യക്കാർ. പക്ഷേ, കുവൈത്തും കുവൈത്ത് ദിനാറും അതിശക്തമാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്തകാലത്തു ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്. 2 വർഷത്തിനിടെ ഡോളറുമായുള്ള വിനിമയത്തി‍ൽ ജപ്പാന്റെ കറൻസിയായ യെൻ 20 ശതമാനത്തിലേറെ താഴെപ്പോയി. ഇന്ത്യൻ രൂപയ്ക്കും തിരിച്ചടി നേരിട്ടു. എന്നാൽ കുവൈത്ത് ദിനാർ അരശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചടി നേരിട്ടത്.

Advertisement