ദുബായ്: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് റാൻഡം കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് എയർ ലൈനുകൾ അറിയിച്ചു. കുട്ടികളിൽ കോവിഡ് ലക്ഷണം കണ്ടാൽ മാത്രം പരിശോധനയും ചികിത്സയും മതിയെന്നും എയർ ഇന്ത്യ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
12 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും പൂർണമായും വാക്സീൻ എടുക്കുന്നതാണ് അഭികാമ്യം. മാസ്ക്കും സാമൂഹിക അകലവും പാലിക്കാനും നിർദേശമുണ്ട്. ഇന്ത്യയിൽ എത്തുന്നവർ സ്വയം നിരീക്ഷിക്കുകയും രോഗലക്ഷണം കണ്ടാൽ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും വേണം. ഇന്ത്യയിലെ ഹെൽപ് ലൈനായ 1075ൽ വിളിച്ചും സംശയങ്ങൾക്കു മറുപടി തേടാം.
രാജ്യാന്തര യാത്രക്കാരിൽ രണ്ട് ശതമാനത്തെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സാംപിൾ ശേഖരിച്ച ശേഷം യാത്രക്കാർക്ക് അവരുടെ ലക്ഷ്യങ്ങളിലേക്കു യാത്ര തുടരാം. പോസിറ്റീവ് ആകുന്നവർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തും. അവരുടെ സാംപിളുകൾ ജനിത ശ്രേണീകരണത്തിന് അയയ്ക്കും.
കോവിഡ് വ്യാപനം മുൻനിർത്തിയുള്ള ഈ പരിശോധനകൾ 24ന് രാവിലെ 10 മുതൽ നിലവിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ട നിബന്ധനകൾ സമയാസമയങ്ങളിൽ അവലോകനം ചെയ്തു മാറ്റം വരുത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Why they do this foolishness.?