അബുദാബിയിൽ അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന

Advertisement

അബുദാബി: ഫ്ലാറ്റുകളിലും വില്ലകളിലും അനുവദനീയമായതിൽ കൂടുതൽ പേർ താമസിക്കുന്നുണ്ടോ എന്നറിയാൻ അബുദാബിയിൽ നാളെ മുതൽ പരിശോധന. അനധികൃത താമസം തടയുകയാണ് ലക്ഷ്യം. മുറികൾക്ക് ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ താമസിച്ചാൽ പിഴ ചുമത്തും.

ഡിപാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുക. നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് 5000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങൾ താമസിച്ചാൽ 5000 മുതൽ 12,500 ദിർഹം വരെയാണ് പിഴ.

ഒരു വർഷത്തിനിടെ വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ചാൽ 25,000 ദിർഹം പിഴ ചുമത്തും. സ്റ്റുഡിയോ മുതൽ മുകളിലേക്കുള്ള ഫ്ലാറ്റുകളെല്ലാം പരിശോധനയുടെ പരിധിയിലാണ്. ‘താമസയിടം നമ്മുടെ ഉത്തരവാദിത്തം ‘ എന്നതാണ് പരിശോധനാ പരിപാടിയുടെ പ്രചാരണ വാക്യം.

Advertisement