പൂർണമായും ശീതികരിച്ച ചില്ലിട്ട തെരുവു നിർമിക്കാനൊരുങ്ങി ദുബായ്

Advertisement

ദുബായ് : നിർമാണ വൈവിധ്യം കൊണ്ടു വിസ്മയിപ്പിക്കുന്ന ദുബായ്, ലോകത്തെ ഞെട്ടിക്കാൻ പോകുന്നൊരു നിർമാണക്കരാറിന് ഒപ്പുവച്ചു. അംബര ചുംബികളല്ല, പൂർണമായും ശീതീകരിച്ച തെരുവാണ് നിർമിക്കുന്നതെന്നു മാത്രം. ഒരു ചില്ലു പേടകത്തിൽ ഇട്ടുവച്ച തെരുവ്. ആർക്കിടെക്റ്റുമാർ കെട്ടിടങ്ങളുടെ മാതൃ‍ക നിർമിച്ചു ചില്ലു ബോക്സിൽ അടയ്ക്കും പോലെയാണ് തെരുവ് നിർമിച്ച്, പൂർണമായും ചില്ലിടുന്നത്.

പുതിയ തെരുവിൽ വാഹനങ്ങളില്ല, കാൽനട മാത്രം. രണ്ട് കിലോമീറ്ററാണ് കാൽനട സൗഹൃദ ബൊളിവാഡിന്റെ നീളം. ഇരുവശത്തും ഷോപ്പിങ് കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, സിനിമാശാലകൾ, അവസാനിക്കാത്ത രാത്രിക്കാഴ്ചകൾ, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങൾ. ഭൂഗർഭ പാർക്കിങ്ങുമുണ്ട്. വാഹനങ്ങളിൽ വരുന്നവർക്ക് പാർക്കിങ് കേന്ദ്രങ്ങളിൽ വണ്ടി നിർത്തി തെരുവിലൂടെ സഞ്ചരിക്കാം. ചൂടുകാലത്തും ഇവിടെ പകലുകൾ സജീവമാകും.

പുറത്തെ സൂര്യന് ശീതീകരിച്ച തെരുവിനെ തൊടാൻ കഴിയില്ല. ബൊളിവാഡ് യാഥാർഥ്യമാകുന്നതോടെ പ്രതിദിനം ഒരു ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ശീതീകരിച്ച തെരുവിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അസീസി ഡവലപ്മെന്റ് കിയോ ഇന്റർനാഷനൽ കൺസൽറ്റന്റുമായി കരാർ ഒപ്പിട്ടു. 2000 കോടി ദിർഹത്തിന്റെയാണ് പദ്ധതി (ഏകദേശം 45000 കോടി രൂപ). പുതിയ തെരുവിൽ ആഢംബര വില്ലകളും പാർപ്പിട സമുച്ചയങ്ങളും വ്യാപാര സമുച്ചയങ്ങളും വിനോദ കേന്ദ്രങ്ങളും ഉണ്ടാകും.

ദുബായ് സൗത്തിൽ ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് എസി ബൊളിവാഡ് നിർമിക്കുന്നത്. ബൊളിവാഡിന്റെ ഭാഗമായി മൂന്ന് കിലോമീറ്റർ കൃത്രിമ കടലും നിർമിക്കും. ഹോട്ടലുകൾക്കും ആഢംബര പാർപ്പിട സമുച്ചയങ്ങൾക്കും നേരിട്ടു ബൊളിവാഡിലേക്കു പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് നിർമാണം. ശീതീകരിച്ച തെരുവിൽ സ്കൂൾ, ആശുപത്രി, സൈക്ലിങ് ട്രാക്ക്, ജോഗിങ് ട്രാക്ക് എന്നിവയും ക്രമീകരിക്കും.

ലോകത്തിന് ദുബായി സന്ദർശിക്കാൻ മറ്റൊരു കാരണം കൂടിയാകും പുതിയ തെരുവെന്നു നിർമാതാക്കൾ അവകാശപ്പെട്ടു. അൽ മക്തും എയർ പോർട്ടിൽ നിന്ന് അഞ്ച് മിനിറ്റു കൊണ്ട് എത്തിച്ചേരാവുന്ന ദൂരത്തിലാണ് പുതിയ തെരുവിന്റെ സ്ഥാനം.

Advertisement