ദുബായ്: 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു മസ്ജിദ് നിർമാണം പ്രഖ്യാപിച്ച് ദുബായ് ഇസ്‌ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ്. ലോകത്ത് ആദ്യമായാണ് 3ഡി പ്രിന്റിങ്ങിൽ മസ്ജിദ് നിർമിക്കുന്നത്.
2000 ചതുരശ്ര അടിയാണ് പള്ളിയുടെ വിസ്തീർണം. ഒരേസമയം 600 പേർക്ക് നമസ്കരിക്കാൻ സൗകര്യം ഉണ്ടാകും. ഒക്ടോബറിൽ നിർമാണം ആരംഭിച്ചു 2025 ആകുമ്പോഴേക്കും പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമാണ മേഖലയിൽ സ്വീകരിക്കേണ്ട രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് 3ഡി മസ്ജിദിന്റെ നിർമാണെന്നു ഇസ്‌ലാമിക കാര്യ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ഷെയ്ഖ് അഹമ്മദ് അൽ ഷൈബാനി പറഞ്ഞു.
മസ്ജിദ് അഫയേഴ്‌സ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി ബിൻ സായിദ് അൽ ഫലാസി, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്‌ടറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബുത്തി അബ്ദുല്ല അൽ ജുമൈരി, ചാരിറ്റബിൾ വർക്ക് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ദാർവിഷ് അൽ മുഹൈരി, ഇസ്‌ലാമിക കാര്യ എൻഡോവ്‌മെന്റിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജുമാ നാസർ അൽ ഹൊസാനി, ഷാർജയിലെ ഇസ്‌ലാമികകാര്യ വകുപ്പിലെ സേലം അൽ ദൗബി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പള്ളിയുടെ പ്രഖ്യാപനം നടത്തിയത്.