പോളണ്ടില്‍ തൃശൂര്‍ സ്വദേശി കുത്തേറ്റുമരിച്ചത് സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതുമായിബന്ധപ്പെട്ട് തര്‍ക്കത്തിനിടെ

Advertisement

തൃശൂര്‍.സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതുമായിബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷമായതാണ് പോളണ്ടില്‍ തൃശൂര്‍ സ്വദേശി കുത്തേറ്റുമരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃശൂര്‍ എടക്കുന്നി സ്വദേശി സൂരജ് ആണ് കൊല്ലപ്പെട്ടത്. ജോര്‍ജിയന്‍ സ്വദേശിയാണ് കുത്തിയതെന്ന് അറിയുന്നു. മറ്റ് നാല് മലയാളികള്‍ക്കും കുത്തേറ്റിട്ടുണ്ട്

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ഒല്ലൂർ എടക്കുന്നി ഇഎസ്ഐക്ക് സമീപം മൂത്തേടത്ത് മുരളിധരന്റെ മകൻ സൂരജ് ആണ് കുത്തേറ്റ് മരിച്ചത്.
കഴിഞ്ഞ 5 മാസമായി പോളണ്ടിലെ സ്ലൂബിസില്‍ ജോലി ചെയ്ത് വരികയായിരുന്നു സൂരജ്. കമ്പനി അപ്പാര്‍ട്ട്മെന്‍റില്‍ സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തതിനെ
തുടര്‍ന്ന് ജോര്‍ജിയന്‍ സ്വദേശികളുമായി തര്‍ക്കമുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു.
തടയാന്‍ ശ്രമിച്ച നാല് മലയാളികള്‍ക്കും കുത്തേറ്റിട്ടുണ്ട്. സൂരജിൻറെ നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു മലയാളിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികളായ ജോര്‍ജിയന്‍ പൌരന്മാര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയെന്നാണ് വിദേശ കാര്യമന്ത്രാലയം ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. പോളണ്ടിലെ മലയാളി സംഘടനകളുമായും
കുടുംബം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് സൂരജ് പോളണ്ടിലേക്ക് പോയത്. മാംസ സംസ്കരണ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സന്ധ്യയാണ് അമ്മ. സൗമ്യ സഹോദരിയാണ്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement