മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു

Advertisement

ലിവര്‍പൂള്‍ (യുകെ) : മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം.

നാല് മാസം മുമ്പാണ് ഭര്‍ത്താവ് മാര്‍ട്ടില്‍ ലിവര്‍പൂളില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് അനുവും ഭര്‍ത്താവിന്റെ അടുത്തെത്തി. അനു കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. 2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു.

മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയയിലൂടെ രോഗം ഏതാണ്ട് ഭേദമായിരുന്നു.
ലിവര്‍പൂളിലെത്തിയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച ആരോഗ്യ നില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി.പി ജോര്‍ജിന്റെയും ഗ്രേസിയുടെയും മകളാണ് അനു. ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്.