ലണ്ടൻ: യുകെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഏറെക്കാലമായി ബ്രൈറ്റണിൽ താമസിക്കുന്ന ജോർജ് ജോസഫിന്റെ മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. ഇന്ന് ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഉള്ള ഭർത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാൻ ഇരിക്കവെയാണ് അപ്രതീക്ഷിത വിയോഗം.
യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. നേഹയുടെ മാതാപിതാക്കൾ എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. നേഹയുടെ ആകസ്മിക മരണം യുകെയിലെയും ഓസ്ട്രേലിയയിലെയും മലയാളി സമൂഹങ്ങൾക്ക് ഏറെ വേദനയുളള വാർത്തയാണ്.
2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാൻ കൂട്ടുകാരികൾക്കൊപ്പം വിട വാങ്ങൽ വിരുന്ന് നടത്തി മടങ്ങി എത്തിയതാണ് നേഹ ജോർജ്. തുടർന്ന് ഇന്നു രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സംഭവിച്ചു.
നേഹയുടെ ആകസ്മിക മരണത്തിൽ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷൻ പ്രവർത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്. മാതാവ്: ബീന ജോർജ്. സംസ്കാരം പിന്നീട്.